കോതമംഗലം: അറാക്കാപ്പിൽ നിന്നും കുടിയിറങ്ങി ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളോട് ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് ട്രൈബൽ ഡിപ്പാർട്ട്മെന്റ് നോട്ടീസ് നൽകി. എന്നാൽ ഈ നോട്ടീസ് കൈപ്പറ്റാൻ ആദിവാസി കുടുംബങ്ങൾ തയ്യാറായിട്ടില്ല. ജൂലായ് ആറിന് ഇടമലയാറിൽ കുടിൽ കെട്ടിയ ആദിവാസി കുടുംബങ്ങളെ അനുനയിപ്പിച്ചു സുരക്ഷിതമായി താമസിപ്പിച്ച സ്ഥലമാണ് ട്രൈബൽ ഹോസ്റ്റൽ. നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ആദിവാസി കുടുംബങ്ങളെ ഒഴിപ്പിച്ച് വിദ്യാർത്ഥികൾക്കുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. സ്വമേധയാ ട്രൈബൽ ഹോസ്റ്റലിൽ നിന്ന് ഇറങ്ങില്ല എന്ന് ആദിവാസി കുടുംബങ്ങൾ ഉറപ്പിച്ചുപറയുന്നു. മൂന്നുമാസക്കാലമായി പലവിധ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും വന്നുപോയിട്ടും യാതൊരുവിധ നടപടികളും തീരുമാനങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. പെരുവഴിയിലേക്ക് ഇറങ്ങാനോ വനത്തിൽ കയറി ഇനി കുടിൽ കെട്ടാനോ തങ്ങൾ തയ്യാറല്ലെന്ന് ആദിവാസി കുടുംബങ്ങൾ ഒന്നടങ്കം പറയുന്നു. നിലവിലെ സാഹചര്യത്തിൽ പന്തപ്ര കോളനിയിലേക്ക് മാറുവാനും തങ്ങൾ തയ്യാറാണ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങൾ എന്തായാലും ഇവിടെ നിന്ന് ഇറങ്ങുന്നില്ല, ഈ കുട്ടികളെയും പെണ്ണുങ്ങളെയും കൊണ്ട് പെരുവഴിയിലേക്ക് ഇറങ്ങിയിട്ട് ഞങ്ങൾക്ക് എന്ത് ചെയ്യാനാണ്. സർക്കാർ ഇടപെട്ടു നിങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നത്
തങ്കപ്പൻ പഞ്ചൻ ഊരു മൂപ്പൻ
ഇടമലയാർ ട്രൈബൽ സ്കൂൾ താമസിച്ചു പഠിക്കുന്ന കുട്ടികൾക്ക് ഉള്ളതാണ് ട്രൈബൽ ഹോസ്റ്റൽ. താത്കാലികമായി ആദിവാസി കുടുംബങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ട്രൈബൽ ഹോസ്റ്റൽ തുറന്നുകൊടുത്തത്. സ്കൂൾ തുറക്കുന്നതിനു മുന്നേ അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്. അതുകൊണ്ട് അവിടെ നിന്ന് ഒഴിഞ്ഞു പോകണം എന്നുള്ള നോട്ടീസ് കൊടുത്തിട്ടുണ്ട്.
ടി.ഡി.ഒ മൂവാറ്റുപുഴ