വൈപ്പിൻ: ഡിസംബർ 29,30,31 തീയതികളിൽ നടത്തുന്ന വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റിന്റെ വിശാല ജനകീയ സംഘാടക സമിതി രൂപീകരണം ഞാറക്കൽ മാഞ്ഞൂരാൻ ഹാളിൽ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. വൈപ്പിൻദ്വീപിലേക്ക് ലോകത്തെ ആകർഷിക്കാൻ തക്ക വിധത്തിലാണ് ഫോക്‌ലോർ ഫെസ്റ്റ് ആസൂത്രണം ചെയ്യുന്നതെന്ന് എം. എൽ. എ. പറഞ്ഞു. കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം. എൽ. എ. ചെയർമാനും എ. പി. പ്രിനിൽ ജനറൽ കൺവീനറും ബോണി തോമസ് പ്രോഗ്രാം കോ ഓർഡിനേറ്ററും കെ. എസ്. അജയകുമാർ ട്രഷററുമായി ആയിരത്തൊന്നംഗ ജനകീയ സംഘാടക സമിതിക്ക് യോഗം രൂപം നൽകി. റസിഡന്റ്‌സ് അസോസിയേഷനുകളുടെ പ്രസിഡന്റ് അഡ്വ. വി. പി. സാബു അദ്ധ്യക്ഷത വഹിച്ചു. മാരിടൈം ബോർഡ് ചെയർമാൻ അഡ്വ. വി. ജെ. മാത്യു, ലോക് ധർമ്മി ഡയറക്ടർ പ്രൊഫ. ചന്ദ്രദാസൻ, എസ്. എൻ. ഡി. പി. യോഗം വനിതാ സംഘം നേതാവ് കെ. പി. കൃഷ്ണകുമാരി, സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് ചെറായി സുരേഷ്, ഡോ. കെ. കെ. ജോഷി,എ. പി. പ്രിനിൽ, എം. പി. ശ്യാംകുമാർ എന്നിവർ സംസാരിച്ചു.