തൃക്കാക്കര: ബ്യൂട്ടീഷനെ വാഹനമിടിച്ചു കൊല്ലാൻ ശ്രമിച്ച കേസിൽ മുളക്കുളം ഇല്ലിക്കൽ വീട്ടിൽ ജോബിൻ (28) അറസ്റ്റിലായി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കരിമുകൾ കാക്കനാട് റോഡിൽ ബ്രഹ്മപുരത്തിന് സമീപത്ത് വച്ച് ബൈക്ക് ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പരാതിയിലാണ് അറസ്റ്റ്. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പിറവത്ത് നിന്നാണ് ഇന്നലെ രാവിലെ ഇൻഫോപാർക്ക് പൊലീസ് പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പൊലീസ് പറയുന്നത്: പ്രതിയും യുവതിയുമായി ഒരുവർഷമായി ഒന്നിച്ചുതാമസിക്കുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് ഇവർ തമ്മിൽ വേർപിരിഞ്ഞു. തുടർന്ന് പ്രതി തൃക്കാക്കരയിലെ ബ്യുട്ടീപാർലറിലെത്തി യുവതിയുടെ മൊബൈൽഫോൺ തട്ടിയെടുത്തു. സംഭവത്തിൽ തൃക്കാക്കര പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ പൊലീസ് ജോബിനെ വിളിപ്പിച്ചെങ്കിലും വന്നിരുന്നില്ല. ഇതിനിടെ യുവതി ജോബിന്റെ മുളക്കുളത്തെ വീട്ടിലെത്തി മടങ്ങിവരുന്നതിനിടെയാണ് സംഭവം.