കോതമംഗലം: കോതമംഗലത്ത് സ്റ്റുഡിയോ ഉടമയെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ പിടിയിൽ. പിണ്ടിമന പുത്തൻപുരക്കൽ എൽദോസ് (കൊച്ചാപ്പ 27), പിതാവ് ജോയി (58), മാതാവ് മോളി (55) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റുചെയ്തത്.
ചേലാട് സെവൻ ആർട്സ് സ്റ്റുഡിയോ ഉടമ എൽദോസ് പോളിന്റെ മൃതദേഹം തിങ്കളാഴ്ച വെളുപ്പിന് കനാൽ ബണ്ടിലാണ് കണ്ടെത്തിയത്. സ്കൂട്ടറും കനാലിൽ ഉണ്ടായിരുന്നു. അപകടമരണമെന്നാണ് ആദ്യം കരുതിയത്. എൽദോസിന്റെ ഫോൺ കാണാതെ പോയതും കടം വാങ്ങിയ മൂന്നുലക്ഷം രൂപ തലേന്ന് തിരിച്ചു നൽകിയെന്ന കൊച്ചാപ്പയുടെ മൊഴിയുമാണ് സംശയം ജനിപ്പിച്ചത്.
പൊലീസ് പറയുന്നത്
കടംവാങ്ങിയപണം തിരികെനൽകാമെന്ന് പറഞ്ഞ് ഞായറാഴ്ച രാത്രി പത്തരയോടെ എൽദോസിനെ കൊച്ചാപ്പ വീട്ടിലേക്ക് വിളിച്ചുവരുത്തി. വിദേശത്തുള്ള ഭാര്യയുമായി ഫോണിൽ സംസാരിക്കവേ ഇക്കാര്യം എൽദോസ് പറയുകയും ചെയ്തിരുന്നു. വാക്കുതർക്കത്തെത്തുടർന്ന് കൊച്ചാപ്പ എൽദോസിനെ കോടാലിക്കൈകൊണ്ട് തലയ്ക്കടിച്ചുകൊന്നു. എൽദോസിന്റെ സ്കൂട്ടറിൽ കൊച്ചാപ്പയും പിതാവ് ജോയിയുംകൂടി മൃതദേഹം നടുവിലിരുത്തികൊണ്ടുപോയാണ് 100 മീറ്റർ അകലെയുള്ള കനാലിൽ തള്ളിയത്.
കൊല്ലപ്പെട്ട എൽദോസും കൊലപാതകിയായ കൊച്ചാപ്പ എന്ന എൽദോസും ദീർഘകാലമായി അടുത്തുപരിചയമുള്ളവരാണ്. നേരത്തെ മാലിപ്പാറ സൊസൈറ്റിപ്പടിയിൽ താമസിച്ചിരുന്ന കൊച്ചാപ്പയും കുടുംബവും രണ്ടുമാസംമുമ്പാണ് എൽദോസിന്റെ വീടിനടുത്തുള്ള വാടകവീട്ടിലേക്ക് മാറുന്നത്. കൊച്ചാപ്പയുടെ വിവാഹത്തിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായിരുന്നു വീടുമാറ്റം. വിവാഹ ആവശ്യത്തിനാണ് പണം കടംവാങ്ങിയത്.
ശാന്തസ്വാഭാവക്കാരനായ കൊച്ചാപ്പ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമാണ്.
• ഫൊറൻസിക് സർജന്റെ സംശയം
നിർണായകമായി
എൽദോസിന്റെ തലയ്ക്ക് പിന്നിലെ മുറിവ് വാഹനാപകടത്തിൽനിന്ന് ഉണ്ടാകാൻ സാദ്ധ്യതയില്ലെന്ന് പോസ്റ്റ്മോർട്ടം നടത്തിയ കളമശേരി മെഡിക്കൽ കോളേജിലെ ഫൊറൻസിക് സർജൻ ഡോ.എ.കെ. ഉന്മേഷിന്റെ നിഗമനം കേസിൽ വഴിത്തിരിവായി. തുടർന്ന് ഡോ. ഉന്മേഷ് സംഭവസ്ഥലം സന്ദർശിക്കുകയും ചെയ്തു. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യാനാണ് ആദ്യം നിശ്ചയിച്ചതെങ്കിലും പിന്നെ പൊലീസ് അത് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
• സ്കൂട്ടർ ഓഫ്, മൊബൈൽ മിസിംഗ്
കനാലിൽ എൽദോസിന്റെ സമീപത്തുതന്നെ ഉണ്ടായിരുന്ന സ്കൂട്ടറിന്റെ താക്കോൽ ഇഗ്നീഷൻ ഓഫായ നിലയിലാണ് ഉണ്ടായിരുന്നത്. കാര്യമായ കേടുപാടുകളും സംഭവിച്ചിരുന്നില്ല. മൊബൈൽഫോൺ കിട്ടാത്തതും പൊലീസിനെ കുഴക്കി. മകൻ പിടിയിലാകുമെന്നുറപ്പായപ്പോൾ കനാലിലേക്ക് കൊച്ചാപ്പ വലിച്ചെറിഞ്ഞ ഫോൺ അമ്മ മോളി ബുധനാഴ്ച രാവിലെ തപ്പിയെടുത്തു വീട്ടിൽകൊണ്ടുവന്നു അമ്മിക്കല്ലിൽവച്ച് പൊടിച്ച് കത്തിച്ചുകളഞ്ഞു. കൊല്ലാൻ ഉപയോഗിച്ച കോടാലിക്കൈ ചെറിയ കഷ്ണങ്ങളാക്കി കത്തിച്ചു. മകന്റെ ക്രൂരമായ കൊലപാതകത്തിന് കൂട്ടുനിന്നതിനാണ് മോളി കുടുങ്ങിയത്. ഇവരുടെ പെൺമക്കൾ വിദേശത്താണ്.
പരേതനായ പൗലോസിന്റെയും മറിയക്കുട്ടിയുടെയും മകനാണ് എൽദോസ് പോൾ. ഭാര്യ ടിമി തോമസ് ഇസ്രായേലിൽ നഴ്സാണ്. മക്കൾ: ഏതൽ മരിയ, അഭിഷേക്, ആഷിക്ക്.
ജില്ലാപൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, സി.ഐമാരായ ബേസിൽ തോമസ്, നോബിൾ മാനുവൽ, കെ.ജെ. പീറ്റർ, എസ്.ഐ മാഹിൻ സലിം എന്നിവർ ഉൾപ്പെട്ടതായിരുന്നു അന്വേഷണസംഘം.