sicidenote1
ആത്മഹത്യാകുറിപ്പ്

മരട്: പേട്ട ജംഗ്ഷന് സമീപം വീടിനോട് ചേർന്നുള്ള സെക്കൻഡ് ഹാൻഡ് ഫർണിച്ചർ ഷോറൂമിൽ തീപിടിച്ചുമരിച്ച പേട്ട ജംഗ്ഷനിൽ ലോട്ടറി കച്ചവടം നടത്തിയിരുന്ന, മരട് തുരുത്തി ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് ഒറ്റയ്ക്ക് താമസിച്ചിരുന്ന പൊന്നുരുന്നി തൊട്ടിയിൽ പ്രസന്നന്റെ (45) ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് പ്രസന്നന്റെ സഹോദരൻ അജിയും കുടുംബാംഗങ്ങളും വീട് തുറന്ന് നടത്തിയ പരിശോധനയിലാണ് കുറിപ്പ് കണ്ടെത്തിയത്.

സഹോദരൻ അജിയും മരട് നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി. രാജേഷും ചേർന്ന് കുറിപ്പ് മരട് പ്രിൻസിപ്പൽ എസ്.ഐ റിജിൽ എം. തോമസിന് കൈമാറി. മരട് എസ്.ഐക്കാണ് പ്രസന്നൻ കത്ത് എഴുത്തിയത്.

താൻ മരണപ്പെട്ടാൽ അതിന് ഉത്തരവാദികൾ മൂന്നുപേരാണെന്ന് പേരുസഹിതം കുറിപ്പിൽ പറയുന്നു. മൂന്നു കൂട്ടുകാർക്ക് അവർ ആവശ്യപ്പെട്ടപ്രകാരം പണം കടംകൊടുത്തു. തിരികെ ആവശ്യപ്പെട്ടിട്ടും തരുന്നില്ലെന്നും ഇപ്പോൾ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും കത്തിൽ പറയുന്നു. കത്തിലെ ഉള്ളടക്കത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മരട് പ്രിൻസിപ്പൽ എസ്.ഐ റിജിൽ എം. തോമസ് പറഞ്ഞു. പ്രസന്നന്റെ കുടുംബത്തിന് ലഭിക്കാനുള്ള പണം ഇവരിൽനിന്ന് കണ്ടെത്തി നൽകണമെന്ന് മരട് നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി. രാജേഷ് ആവശ്യപ്പെട്ടു. പ്രസന്നന്റെ ഭാര്യ പ്രീതിയും മകനും ഏഴുവർഷങ്ങൾക്കുമുമ്പ് ട്രെയിനിടിച്ച് മരിച്ചിരുന്നു. ഏകമകൾ അഞ്ജന അമ്മയുടെ ബന്ധുക്കളുടെ കൂടെയാണ് താമസം.