reji
റെജി പൗലോസ്

കൊച്ചി: വ്യാജരേഖ സമർപ്പിച്ച് സ്വകാര്യബാങ്കിൽനിന്ന് കോടികൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. തൃപ്പൂണിത്തറ ഹിൽപാലസ് സ്വദേശി റെജി പൗലോസിനെയാണ് (47) എറണാകുളം സൗത്ത് പോലീസ് അറസ്റ്റുചെയ്തത്. എ.ടി.എം കാർഡുകൾ, ബാങ്ക് പാസ്ബുക്കുകൾ, 36 പവൻ സ്വർണം, വ്യാജമായി തയാറാക്കിയ വോട്ടർ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയും പിടിച്ചെടുത്തു. പനമ്പിള്ളിനഗറിലെ ബാങ്ക് ശാഖയിൽനിന്ന് 1.83 കോടി രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
ബാങ്ക് വായ്പ ആവശ്യമുള്ളവരുടെ ഭൂമിയുടെ രേഖകൾ ഉപയോഗിച്ചാണ് റെജി പൗലോസ് തട്ടിപ്പ് നടത്തിയിരുന്നത്. ഈ രേഖകൾ ബാങ്കുകളിൽ പണയപ്പെടുത്തി ഭീമമായ തുക വായ്പയെടുക്കും. വായ്പയെടുത്ത യഥാർത്ഥതുക മറച്ചുവെച്ചു ചെറിയതുക മാത്രമാണ് ഭൂമിയുടെ യഥാർത്ഥ ഉടമകൾക്കു നൽകുക. പണയപ്പെടുത്തിയ ഭൂമികൾക്ക് ജപ്തി നോട്ടീസ് എത്തുന്നതോടെയാണ് ഇടപാടുകാർ തട്ടിപ്പറിയുന്നത്.
പ്രതികൾ നിരവധി വ്യാജകമ്പനികൾ സ്ഥാപിച്ചിട്ടുണ്ട്. ഈ കമ്പനികളുടെ പേരിൽ പരസ്യംചെയ്താണ് ഇരകളെ തേടിയിരുന്നത്. കുറഞ്ഞ പലിശയിൽ ലോൺ തരപ്പെടുത്തി നൽകാമെന്ന വ്യാജപ്രചരണം നടത്തുന്നതോടെ ആളുകൾവീഴും. പല ബാങ്കുകളിൽ നിന്ന് ഇയാൾ കോടികൾ തട്ടിയെടുത്തിട്ടുണ്ട്. വ്യാജമായുണ്ടാക്കിയ പാൻകാർഡും തിരിച്ചറിയൽ കാർഡുകളുമാണ് ഭൂമിയുടെ രേഖകൾക്കൊപ്പം റെജി നൽകുക. ഭൂ ഉടമകൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയാണ് എറണാകുളം സൗത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.
റെജിയെ കോയമ്പത്തൂരിൽ നിന്നാണ് അറസ്റ്റുചെയ്തത്. തട്ടിപ്പിൽ റെജിയുടെ ഭാര്യക്കും ചില ബാങ്കുദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് സൂചന. ഇവർക്കെതിരെയും അന്വേഷണമുണ്ടാകും. ആലപ്പുഴ ജില്ലയിലെ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. കടവന്ത്ര പൊലീസ് മൂന്ന് കേസുകളും എറണാകുളം സൗത്ത് പൊലീസ് ഒരുകേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എറണാകുളം എ.സി.പി. വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം. സൗത്ത് പൊലീസ് ഇൻസ്‌പെക്ടർ എം.എസ്. ഫൈസൽ, എസ്‌.ഐ വി.എൻ. സുരേഷ്, എ.എസ്‌.ഐ സന്തോഷ്‌കുമാർ, സീനിയർ സി.പി.ഒമാരായ ലാലൻ വിജയൻ, സനീപ്കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.