cpm

ആലുവ: ഒരു വിഭാഗം പ്രതിനിധികളുടെ പ്രതിഷേധവും എതിർപ്പും അവഗണിച്ച് തർക്കത്തെ തുടർന്ന് നിർത്തിവച്ചിരുന്ന സി.പി.എമ്മിന്റെ രണ്ട് ലോക്കൽ സമ്മേളനങ്ങളും ജില്ലാ-സംസ്ഥാന നേതൃത്വം ഇടപെട്ട് പൂർത്തിയാക്കി. ആലുവ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള കടുങ്ങല്ലൂർ വെസ്റ്റ്, എടത്തല വെസ്റ്റ് ലോക്കൽ സമ്മേളനങ്ങളാണ് പൂർത്തിയാക്കിയത്.

എടത്തല വെസ്റ്റ് ലോക്കൽ സമ്മേളനത്തിൽ അവതരിപ്പിച്ച ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച അഞ്ച് പേരിൽ ഒരാളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഇതേതുടർന്ന് 11 അംഗ ലോക്കൽ കമ്മിറ്റിയിൽ നിന്നും നിലവിൽ സെക്രട്ടറിയായിരുന്ന പി. മോഹനൻ ഒഴിവായി. സെക്രട്ടറിയായി വി. സെയ്തുമുഹമ്മദിനെ തിരഞ്ഞെടുത്തു. എൽ.സിയിൽ നിന്ന് ഒഴിവാക്കപ്പെട്ട റഷീദിന്റെ ഭാര്യ ജിനില റഷീദിനെയാണ് പുതിയതായി കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഈ തീരുമാനം ഒരു വിഭാഗം പ്രതിനിധികൾ അംഗീകരിച്ചിട്ടില്ല. ചിലർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയെന്നാണ് പറയപ്പെടുന്നത്. ജില്ലാ സെക്രട്ടറിയേറ്റംഗം എം.സി. സുരേന്ദ്രൻ, ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.

കടുങ്ങല്ലൂർ വെസ്റ്റ് ലോക്കൽ സമ്മേളനത്തിൽ ഔദ്യോഗിക പക്ഷം അവതരിപ്പിച്ച 13 അംഗ പാനൽ രണ്ടാമത് നടന്ന സമ്മേളനത്തിലും അവതരിപ്പിച്ച് അംഗീകാരം നേടുകയായിരുന്നു. ഒഴിവാക്കപ്പെട്ട മൂന്ന് പേരിൽ ഒരാളുടെ പേര് വീണ്ടും ഉയർന്നെങ്കിലും വോട്ടെടുപ്പിലേക്ക് പോകാനാകില്ലെന്ന് പറഞ്ഞ് സംസ്ഥാന കമ്മിറ്റിയിൽ നിന്നും പങ്കെടുത്ത കെ. ചന്ദ്രൻപിള്ള കർശന നിലപാട് സ്വീകരിച്ചു. ഇതോടെ മത്സരം ഒഴിവായി. സെക്രട്ടറിയായി പി.കെ. തിലകനെ വീണ്ടും തിരഞ്ഞെടുത്തു.

ഏരിയ സമ്മേളനം 20,21,25 തീയതികളിൽ

എടത്തല രാജീവ് ഗാന്ധി സഹകരണ ഹാളിൽ നിശ്ചയിച്ച ഏരിയ സമ്മേളന തീയതികളിൽ വീണ്ടും മാറ്റം. പ്രതിനിധി സമ്മേളനങ്ങൾ 20,21 തീയതികളിലാണ്. എന്നാൽ തിരഞ്ഞെടുപ്പുകൾ മുൻ നിശ്ചയപ്രകാരം 25ന് വൈകിട്ട് മൂന്നിനാണ്. 20ന് സംസ്ഥാന കമ്മിറ്റിയംഗം എം. സ്വരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.കെ. മോഹനൻ, ജോൺ ഫെർണാണ്ടസ്, പി.എം. ഇസ്മയിൽ എന്നിവർ സംബന്ധിക്കും.

ഏരിയയിലെ കടുങ്ങല്ലൂർ ഈസ്റ്റ്, വെസ്റ്റ് കമ്മിറ്റികളിലെ പ്രതിനിധികൾ 25ന് വൈകിട്ട് നാലിന് കളമശേരി ഏരിയിലെ തിരഞ്ഞെടുപ്പിലാണ് പങ്കെടുക്കേണ്ടത്. നെടുമ്പാശേരിയുടെ ഭാഗമായിരുന്ന നെടുമ്പാശേരി, ചെങ്ങമനാട്, കന്നുകര, കാലടിയുടെ ഭാഗമായിരുന്ന ശ്രീമൂലനഗരം കമ്മിറ്റികളിലെ പ്രതിനിധികൾ 25ന് ആലുവയിലെ കമ്മിറ്റി തിരഞ്ഞെടുപ്പ് മുതലുള്ള അജണ്ടകളിൽ പങ്കാളികളാകണം. നിലവിലുള്ള സെക്രട്ടറി എ.പി. ഉദയകുമാറിന് ഒരു വട്ടം കൂടി അവസരം നൽകണമെന്ന ആവശ്യം പാർട്ടി അണികളിൽ ശക്തമായുണ്ട്. എന്നാൽ സെക്രട്ടറി സ്ഥാനം കണ്ണുവച്ച് പ്രവർത്തിക്കുന്ന ചിലരുമുണ്ട്.