ആലുവ: കീഴ്മാട് പഞ്ചായത്തിൽപ്പെട്ട തോട്ടുമുഖത്ത് പെരിയാറിൽ നിന്നും മണൽ കടത്തുന്നതിന് പിന്നിൽ സി.പി.എമ്മുകാരാണെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. കഴിഞ്ഞ ദിവസം മഹിളാലയം ന്യൂ ഇറാ ക്ലിനിക്കിന് സമീപം അനധികൃത മണലുമായി ലോറി പിടിയിലായ സംഭവമാണ് യൂത്ത് കോൺഗ്രസ് സി.പി.എമ്മിനെതിരെ ആയുധമാക്കുന്നത്. വർഷങ്ങളായി കാനഡയിൽ താമസിക്കുന്ന കുടുംബത്തിന്റെ ഉടമസ്ഥയിലുള്ള ഒഴിഞ്ഞുകിടക്കുന്ന പെരിയാർ തീരത്തെ വീടുവഴിയാണ് മണൽ കടത്തിയത്. ഈ വീടിന്റെ കാവൽക്കാരൻ കീഴ്മാട് സ്വദേശിയായ സി.പി.എം അംഗമാണ്. ഈ വീടിന് മുമ്പിലെ കുഴിയിൽ മണൽ ലോറി പുതയുകയും ജെ.സി.ബി ഉപയോഗിച്ച് ഉയർത്താനുള്ള ശ്രമത്തിനിടെ ആക്സിൽ ഒടിയുകയുമായിരുന്നു. കൊല്ലം സ്വദേശികളായ മണൽ കടത്തുകാർ അനധികൃതമായി വീടിന്റെ കോമ്പൗണ്ടിൽ പ്രവേശിച്ച് മണൽ കടത്തിയെന്നാണ് കാവൽക്കാരൻ ജെയിംസ് പറയുന്നത്. എന്നാൽ മൂന്നാഴ്ച്ചയോളമായി ഈ വീട് വഴി രാത്രി കാലങ്ങളിൽ മണൽ കടത്ത് നടത്തുന്നുണ്ടെന്നും കാവൽക്കാരന്റെ അറിവോടെയാണിതെന്നുമാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. മണൽകടത്ത് കാവൽക്കാരൻ അറിഞ്ഞില്ലെന്ന വാദം പൊലീസും തള്ളുകയാണ്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് ആലുവ സി.ഐ സി.എൽ. സുധീർ അറിയിച്ചിട്ടുണ്ട്.
മണൽലോറി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഡ്രൈവറും ക്ളീനറും മുങ്ങുകയും സംഭവം വിവാദമായിട്ടും ഗ്രാമപഞ്ചായത്ത് അധികൃതർ തിരിഞ്ഞ് നോക്കാതിരുന്നതും സി.പി.എം പ്രവർത്തകർക്ക് പങ്കുള്ളതിനാലാണെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.ബി. നിജാസ്, കീഴ്മാട് മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് താഹിർ എന്നിവർ ആരോപിച്ചു.
അനധികൃത മണൽ വാരൽ തടയാൻ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും പൊലീസിന്റെ നിസംഗത അവസാനിപ്പിക്കണമെന്നും എഡ്രാക്ക് കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് കെരീം കല്ലുങ്കൽ ആവശ്യപ്പെട്ടു.