കാലടി: കാലടി പ്ലാന്റേഷൻ കോർപ്പറേഷന്റെ കല്ലാല എസ്റ്റേറ്റിലെ മെയിൻ റോഡിൽ ഡിവിഷൻ ബിയിലെ പാലം കനത്ത മഴയെത്തുടർന്ന് കവിഞ്ഞൊഴുകി. വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത സ്ഥിതിയിൽ മലവെള്ളം കുത്തിയൊഴുകുകയാണ്. തൊഴിലാളികൾക്ക് ടാസ്ക്കിൽ നിന്നും റബർ പാൽ എടുത്ത് സംഭരണ സ്റ്റേഷനിലേക്ക് വരാൻ കഴിഞ്ഞിട്ടില്ല.
മാത്രമല്ല, കാലപ്പഴക്കവും പരിചരണവുമില്ലാത്ത കുടിവെള്ളവിതരണ പരിപാടിയിൽ നാട്ടുകാർ അസ്വസ്ഥരാണ്. കല്ലാല, അതിരപ്പിള്ളി, വെറ്റിലപ്പാറ എസ്റ്റേറ്റുകളിലായി 10000 മുകളിൽ തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. ചെളി നിറഞ്ഞ വെള്ളം കുടിക്കേണ്ട അവസ്ഥ കൊവിഡിനു പുറമെ മറ്റു ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നു തൊഴിലാളികൾ ഭയപ്പെടുന്നു. പൈപ്പുവഴിയാണ് തോട്ടം തൊഴിലാളികൾക്ക് കുടിവെള്ളം ലഭിക്കുന്നത്. ഫിൽറ്റർ സംവിധാനമില്ലാത്തതിനാൽ ചാലക്കുടി പുഴയിൽ നിന്നും നേരിട്ടു പമ്പു ചെയ്താണ് കഴിഞ്ഞ രണ്ടാഴ്ചയായി കുടിവെള്ളം താമസക്കാർക്ക് ലഭിക്കുന്നതെന്ന് കാലടി പ്ലാന്റേഷൻ ലൈബ്രറി പ്രസിഡന്റ് ബിജു ജോണും സെക്രട്ടറി ജിനേഷ് ജനാർദ്ദനും കുറ്റപ്പെടുത്തി.
കനത്ത മഴയിൽ ഗതാഗതവും, വൈദ്യുത വിതരണവും തടസപ്പെട്ടിരിക്കുകയാണ്.