vellapokam
മൂവാറ്റുപുഴ നഗരസഭയിലെ ഒന്നാം വാർഡിൽ മൂന്ന് കണ്ടം കോളനിയിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ

മൂവാറ്റുപുഴ: കനത്തമഴയെ തുടർന്ന് മൂവാറ്റുപുഴ നഗരവും സമീപപ്രദേശവും വെള്ളപ്പൊക്ക ഭീക്ഷണിയിൽ. നഗരത്തിലെ 130 കവല, അരമനപടി, കീച്ചേരിപ്പടി, മാർക്കറ്റ്, വെള്ളൂക്കുന്നം, വാഴപ്പിള്ളി , കടാതി, എന്നിവിടങ്ങളിലും പായിപ്ര പഞ്ചായത്തിലെ സബൈൻപടി, പേഴക്കാപ്പിള്ളി, എസ് വളവ്, പെരുമറ്റം, ആയവനപഞ്ചായത്തിലെ പുന്നമറ്റം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. റാേഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ നഗരത്തിൽ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. മലങ്കരഡാമിന്റെ മൂന്ന് ഷട്ടറുകൾ 80സെന്റിമീറ്ററും മൂന്ന് ഷട്ടറുകൾ 60സെന്റിമീറ്ററും ഉയർത്തിതോടെ മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇതോടെ മൂവാറ്റുപുഴ നഗരസഭ, പായിപ്ര ,വാളകം, മാറാടി, ആയവന പഞ്ചായത്തുകളിലെ പുഴയോട് ചേർന്ന ഭാഗങ്ങളിൽ താമസിക്കുന്നവരും നഗരത്തിലെ വ്യാപാരികളും വെള്ളപ്പൊക്കഭീക്ഷണിയിലാണ്. മൂവാറ്റുപുഴ നഗരസഭ ഒന്നാം വാർഡിൽ മണിയം തോട് കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് മൂന്ന് കണ്ടം കോളനിയിലെ ആറ് വീടുകളിൽ വെള്ളം കയറി. മഴ ശക്തമാകുകയും ജലനിരപ്പ് വീണ്ടും ഉയർന്നാൽ മൂന്ന് കണ്ടം കോളനിയിലെ 30 ഓളം വീടുകളും വെള്ളപൊക്ക ഭീഷണിയിലാണ്. മണിയം തോട് കരകഴിഞ്ഞ് ഒഴുകാൻ തുടങ്ങി. ഇതോടെ മൂന്ന് കണ്ടം കോളനിയിലെ താഴ്ന്ന പ്രദേശങ്ങളിലേയ്ക്ക് വെള്ളം ഒഴുകിയെത്തുകയായിരുന്നു. വെള്ളം കയറിയ വീടുകളിലുള്ളവരെ ഈസ്റ്റ് വാഴപ്പിള്ളി ലോരാറ്റൊ ആശ്രമത്തിലേയ്ക്ക് മാറ്റിപാർപ്പിക്കുന്നതിനുള്ള നടപടികൾ സീകരിച്ച് വരികയാണെന്ന് വാർഡ് കൗൺസിലർ മീര കൃഷ്ണൻ പറഞ്ഞു.

മുൻകരുതൽ സ്വീകരിച്ചു

കനത്ത മഴയും പ്രതികൂല സാഹചര്യവും നിലനിൽക്കുന്നതിനാൽ ഏത് അവസ്ഥയെയും നേരിടുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയർമാൻ പി.പി.എൽദോസ് അറിയിച്ചു.അടിയന്തര ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. അഗ്നിശമനസേന, പൊലീസ്, റവന്യൂ, ഡിസാസ്റ്റർ മാനേജ്മെന്റ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ വൈസ് ചെയർപഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപഴ്സൺമാരായ പി.എം.അബ്ദുൾ സലാം, അജി മുണ്ടാട്ട്, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, രാജശ്രീ രാജു, കൗൺസിലർമാരായ ജിനു മടേക്കൽ, കെ.ജി. അനിൽ കുമാർ എന്നിവർ പങ്കെടുത്തു.

ആവശ്യമെങ്കിൽ പത്തിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ്

നഗരത്തിൽ ആവശ്യമെങ്കിൽ പത്തിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കുന്നതിന് തീരുമാനിച്ചു. വനിതാ സെന്റർ, തർബിയത്ത് സ്കൂൾ, എൻ.എസ്.എസ്. ഹൈസ്കൂൾ, വാഴപ്പള്ളി ജെ.ബി. സ്കൂൾ, കുര്യൻമല കമ്മ്യൂണിറ്റി ഹാൾ, കുര്യൻമല വനിതാ വ്യവസായ കേന്ദ്രം, കടാതി എൻ.എസ്.എസ്. കരയോഗം ഹാൾ, രണ്ടാർ കമ്മ്യൂണിറ്റി ഹാൾ, ഈസ്റ്റ് ഹൈസ്കൂൾ, ലെരോറ്റ ആശ്രമം എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറക്കുക.