puthanvelikkara-
പുത്തൻവേലിക്കര ബസാർ - സ്റ്റേഷൻകടവ് റോഡ്

പറവൂർ: തോരാതെ പെയ്ത മഴയിൽ തീരദേശത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. പുത്തൻവേലിക്കര പഞ്ചായത്തിലാണ് കൂടുതൽ വെള്ളംകയറിയത്. ചാലക്കുടിയാറും പെരിയാറും നിറഞ്ഞതോടെയാണ് താഴ്ന്ന സ്ഥലങ്ങളിൽ പെയ്ത്തുവെള്ളം കയറിയത്. പുത്തൻവേലിക്കര ബസാറിൽ നിന്നും സ്റ്റേഷൻകടവ് ഭാഗത്തേക്കുള്ള പ്രധാന റോഡ് വെള്ളത്തിലായി. മറ്റു മേഖലകളിലും ചില റോഡുകളിൽ വെള്ളക്കെട്ടു രൂക്ഷമാണ്. റോഡിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് കാൽനടയാത്രയും വാഹനയാത്രയും ദുഷ്കരമാക്കുന്നു. പറവൂർ നഗരത്തിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. പലറോ‌ഡുകളിലും മണിക്കൂറോളം വെള്ളംകെട്ടിക്കിടന്നു. വൈകിട്ട് മഴയ്ക്ക് ചെറിയ ശമനമുണ്ടായതോടെയാണ് വെള്ളക്കെട്ടിന് കുറവുണ്ടായത്. കച്ചേരി മൈതാനം, ചേന്ദമംഗലം കവല എന്നിവിടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. അടുത്ത ദിവസങ്ങളിൽ മഴ ശക്തമായാൽ പുത്തൻവേലിക്കര, ഏഴിക്കര പോലുള്ള കാർഷിക മേഖലയിൽ കൃഷിനാശത്തിനും കാരണമാകാൻ സാദ്ധ്യതയുണ്ട്. 2018ൽ പ്രളയം വലിയ ദുരിതം വിതച്ച പുത്തൻവേലിക്കര, ചേന്ദമംഗലം, ചിറ്രാറ്റുകര, വടക്കേക്കര പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ മഴ ശക്തമായാൽ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ പറഞ്ഞു. ജനങ്ങളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ താലൂക്കിലെ പതിമൂന്ന് വില്ലേജുകളിലും ക്യാമ്പുകൾ തുറക്കും. ഇതിനായി വിദ്യാലയങ്ങൾ, ഓഡിറ്റോറിയങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് താലൂക്ക് അധികൃതർ അറിയിച്ചു. താലൂക്ക് ഓഫിസിൽ ആരംഭിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫോൺ നമ്പർ: 0484 2972817.