പറവൂർ: പറവൂർ നഗരസഭയിൽ ഉദ്യോഗസ്ഥരുടെ കുറവ് ദൈനംദിന പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ആറുമാസമായി അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽ ആളെത്തിയട്ടില്ല. ആരോഗ്യപ്രശ്നങ്ങളാൽ നഗരസഭ സെക്രട്ടറി ഒരു മാസമായി അവധിയിലാണ്. എച്ച്.എസ് അടക്കം മറ്റു ചില ജീവനക്കാരും അവധിയെടുത്തു. കഴിഞ്ഞ ഏപ്രിൽ മാസം അവധിയിൽ പോയശേഷം വിരമിച്ച അസിസ്റ്റന്റ് എൻജിനീയറുടെ തസ്തികയിൽ ഇതുവരെ പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല. അതിനാൽ, നഗരത്തിൽ പുതുതായി നിർമിക്കുന്ന കെട്ടിടങ്ങൾക്ക് പെർമിറ്റ് നൽകാൻ സാധിക്കുന്നില്ല. 3000 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങൾക്ക് പെർമിറ്റ് നൽകേണ്ടത് അസിസ്റ്റന്റ് എൻജിനീയറാണ്. ഇതിനാൽ പുതിയ കെട്ടിടങ്ങൾക്ക് പ്ലാൻ സമർപ്പിച്ചിട്ടും അനുമതി ലഭിക്കാതെ കിടക്കുകയാണ്. ദൈനംദിന ബില്ലുകൾ മാറി പേയ്മെന്റ് നൽകാൻ കഴിയുന്നില്ല. നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമെങ്കിലും നഗരസഭയുടെ കീഴിലുള്ള വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താൻ ടെൻഡർ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഏലൂർ അസിസ്റ്റന്റ് എൻജിനീയർക്ക് താൽക്കാലിക ചുമതല നൽകിയെങ്കിലും ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ് പറവൂരിൽ സേവനം. പല പദ്ധതികൾ മാർച്ചിൽ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ അസിസ്റ്റന്റ് എൻജിനീയറുടെ അഭാവം നഗരത്തിലെ വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ഉറപ്പായി. നഗരസഭ സെക്രട്ടറിയുടെ ചുമതല സൂപ്രണ്ടിന് നൽകിയെങ്കിലും സെക്രട്ടറി നിർവഹിക്കേണ്ട പല കാര്യങ്ങൾക്കും തടസം നേരിടുന്നുണ്ട്. ട്രഷറി ബില്ലുകൾ മാറാൻ സെക്രട്ടറി ആവശ്യമാണ്.
നിവേദനം നൽകി
പറവൂർ നഗരസഭയിൽ അസിസ്റ്റന്റ് എൻജിനീയറെ അടിയന്തരമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടു വകുപ്പ് മന്ത്രിക്കു നിവേദനം നൽകിയതായി നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി പറഞ്ഞു. ചീഫ് എൻജിനീയറെ പലതവണ നേരിൽ കണ്ട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. കേരളത്തിലെ 87 നഗരസഭകളിൽ സ്ഥിരമായി അസിസ്റ്റന്റ് എൻജിനീയറുടെ സേവനം ലഭിക്കുന്നത് 16 നഗരസഭകളിൽ മാത്രമാണ്. മാർച്ചിൽ വിരമിച്ചവർക്ക് പകരമായി ഒരിടത്തും ആരെയും പി.എസ്.സി വഴി നിയമിച്ചിട്ടില്ല. രണ്ട് തദ്ദേശസ്ഥാപനങ്ങളുടെ ചുമതല ഒരാൾക്ക് നൽകിയാണ് പലയിടത്തും കാര്യങ്ങൾ നടത്തുന്നത്. പിഎസ്‌സി നിയമനം നടക്കാത്തതിനാൽ എംപ്ലോയ്മെന്റ് മുഖാന്തരം നിയമിക്കാനാണ് സർക്കാർ നീക്കം. ആറ് മാസത്തേക്കാണ് നിയമനം നൽകുക. ഇങ്ങനെ വരുന്നവർക്ക് മതിയായ പ്രവൃത്തിപരിചയം ഇല്ലാത്തത് പ്രതിസന്ധിയാകും.