കിഴക്കമ്പലം: മലയിടം തുരുത്തിൽ ശക്തമായ ഇടിമിന്നലിൽ വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. വൈദ്യുത ഉപകരണങ്ങൾ പൂർണമായും നശിച്ചു. നമ്മണാരി വർഗീസിന്റെ വീടിനാണ് ഇടിമിന്നലിൽ കേടുപാടുകൾ പറ്റിയത്. ശനിയാഴ്ച്ച രാവിലെ മുതൽ പെയ്ത മഴയെ തുടർന്ന് 11 ഓടെയാണ് ശക്തമായ ഇടിയും മിന്നലുമുണ്ടായത്. ഈ സമയത്ത് വർഗീസും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. ശക്തമായ ശബ്ദത്തെ തുടർന്ന് വൈദ്യുതിയും നിലച്ചു. തുടർന്ന് വൈദ്യുതി മീറ്ററും മെയിൻ സ്വിച്ചുകളും കത്തിനശിക്കുകയായിരുന്നു. ഈ ഭാഗത്ത് വീടിന്റെ ഭിത്തിക്ക് പൊട്ടലും തേപ്പ് പൊളിഞ്ഞും പോയി. ടിവി, ഫ്രിഡ്ജ് ഉൾപ്പടെയുള്ള വൈദ്യുതി ഉപകരണങ്ങൾ പൂർണമായും നശിച്ചു. വീട്ടിലെ വയറിംഗ് കത്തിനശിച്ച് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. പഞ്ചായത്ത് അധികൃതർ ഉൾപ്പടെയുള്ളവർ സ്ഥലം സന്ദർശിച്ചു. വീടിനോട് ചേർന്നുള്ള പരിസര പ്രദേശങ്ങളിലെ വീടുകളിലും വൈദ്യുതി ഉപകരങ്ങളും നശിച്ചിട്ടുണ്ട്. ഇവിടെ പൂർണമായും വൈദ്യുതി മുടങ്ങി. ടെലിഫോൺ കേബിൾ പോകുന്ന പ്രദേശത്ത് ഇടിമിന്നലിന്റെ ശക്തി കൊണ്ട് മണ്ണ് മുകളിലേക്ക് തെറിച്ച്‌പോയി വലിയ കുഴിയും രൂപപെട്ടിട്ടുണ്ട്.