tree
മറിഞ്ഞ മരം ഫയർഫോഴ്സ് മുറിച്ച് മാറ്റുന്നു

കിഴക്കമ്പലം: അപകട ഭീഷണിയായി റോഡിലേക്ക് ചാഞ്ഞ് നിന്ന അക്കേഷ്യാ തണൽമരം വീണ്ടും റോഡിലേക്ക് മറിഞ്ഞ് വീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. പുക്കാട്ടുപടി ചെമ്പറക്കി റോഡിൽ മലയിടംതുരുത്തിന് സമീപമാണ് സംഭവം. ശനിയാഴ്ച രാവിലെ മുതൽ പെയ്ത മഴയിലും കാ​റ്റിലുമാണ് മരങ്ങൾ കടപുഴകി വീണത്. രണ്ട് മരങ്ങൾ റോഡിലേക്ക് ഒടിഞ്ഞ് വീണു. ഈ സമയത്ത് റോഡിൽ മ​റ്റ് വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. പിന്നീട് പെരുമ്പാവൂർ നിന്ന് ഫയർഫോഴ്‌സെത്തി വെട്ടിമാ​റ്റിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. നൂറ്കണക്കിന് അക്കേഷ്യാമരങ്ങളാണ് റോഡിൽ പെരിയാർവാലി കനാലിനോട് ചേർന്ന് വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി നിൽക്കുന്നത്. ഇതിൽ പലതും ഉണങ്ങി ഏതു സമയത്തും നിലംപൊത്തുമെന്ന അവസ്ഥയാണ്. ഒരുമാസത്തിനുള്ളിൽ രണ്ടാം തവണയാണ് മരം മറിഞ്ഞ് വീണ് ഗതാഗതം മുടങ്ങുന്നത്. വനംവകുപ്പ് ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. എത്രയും വേഗം അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ച്മാ​റ്റാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.