പിറവം: ഒന്നാം കാതോലിക്ക ബാവയുടെ കബറിടത്തിലെത്തിയ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയെ വിശ്വാസികളും നാട്ടുകാരും സ്വീകരിച്ചു. സഭയുടെ പ്രഥമ കാതോലിക്ക ബസേലിയോസ് പൗലോസ് പ്രഥമൻ കാതോലിക്ക ബാവയുടെ കബറിടം സ്ഥിതി ചെയുന്ന പാമ്പാക്കുട സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ എത്തിയ ബാവയെ വികാരി ഫാ.അബ്രാഹം പാലപ്പിള്ളിയുടെ നേതൃത്വത്തിൽ കബറിടത്തിലേക്ക് സ്വീകരിച്ചാനയിച്ചു. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനായിരുന്ന ബാവയെ ജില്ല അതിർത്തിയായ പുതുവേലിയിൽ നിന്ന് നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിശ്വാസികൾ പാമ്പാക്കുടയിലെത്തിച്ചത്. കബറിങ്കലെത്തി ധൂപപ്രാർത്ഥന നടത്തി വിശ്വാസികളെ അഭിസംബോധന ചെയ്ത ശേഷമാണ് മടങ്ങിയത്. ഫാ.ജോൺ. വി.ജോൺ, ഫാ. ജോസഫ് മലയിൽ, ഫാ.വർഗീസ്. പി.വർഗീസ്, ഫാ. തോമസ് പാടത്ത്, ഫാ.പോൾ ജോൺസ് കോനാട്ട്, ഫാ. മാത്യു എബ്രാഹം കണ്ടത്തിൽ പുത്തൻപുര, ഫാ.ബിജു ഏലിയാസ്, ഫാ. യാക്കോബ് തോമസ്, ഫാ.ജസ്റ്റിൻ, ഫാ.എൽദോസ്, ഫാ.ബിനോയ്, പഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തിൽ, വൈസ് പ്രസിഡന്റ് രാധനാരായണൻകുട്ടി എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. മുൻ ഭദ്രാസനാധിപനായിരുന്ന ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത കബറടങ്ങിയ മുളക്കുളം കർമ്മേൽക്കുന്ന് പള്ളിയിലും ബാവ സന്ദർശനം നടത്തി.