periyar
പെരിയാറിലെ ജലനിരപ്പ് ഉയർന്ന് കരയിലേക്ക് കയറിയപ്പോൾ

ആലുവ: മഴ ശക്തമായതോടെ പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. ശിവരാത്രി മണപ്പുറത്തേക്ക് വെള്ളം നേരിയ തോതിൽ കയറി. മഴ തുടർന്നാൽ രാത്രിയോടെ കരകവിഞ്ഞ് മണപ്പുറത്തെ ക്ഷേത്രത്തിലേക്ക് എത്തും. നഗരത്തിന്റെ വിവിധ മേഖലകളിൽ വെള്ളക്കെട്ട് ശക്തമായിട്ടുണ്ട്. വെള്ളം കയറാൻ സാദ്ധ്യതയുള്ളതിനാൽ റവന്യു വിഭാഗം സർവ്വസജ്ജമായിട്ടുണ്ട്. ആലുവ താലൂക്കിൽ കൺട്രോൾ റൂം തുറന്നു. ആവശ്യം വന്നാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാനായി മൂന്ന് തരത്തിലുള്ള ക്യാമ്പുകളാണ് തുറക്കേണ്ടത്. ഇന്നലെ രാത്രി മുതൽ പെയ്യുന്ന മഴയ്ക്ക് ഉച്ചയോടെയാണ് ആലുവ മേഖലയിൽ അൽപ്പം ശമനമുണ്ടായത്. പതിവ് പോലെ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്തെല്ലാം കടുത്ത വെള്ളക്കെട്ടും അനുഭവപ്പെട്ടു. ശനിയാഴ്ച പ്രവൃത്തിദിവസമായതിനാൽ ഗതാഗതക്കുരുക്കും നഗരത്തിൽ അനുഭവപ്പെട്ടു.