പെരുമ്പാവൂർ: പുല്ലുവഴി മഞ്ജു ഗാർമെന്റ്സ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും സ്വന്തമായി ഭവനവും സ്ഥലവും ഇല്ലാത്തവരിൽ നിന്ന് സൗജന്യഭവന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കൊവിഡ് മൂലം മരണം സംഭവിച്ച കുടുംബങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയാണ് അപേക്ഷ പരിഗണിക്കുക. തിരഞ്ഞെടുക്കുന്നവർക്ക് സൗജന്യ വ്യവസ്ഥകൾക്ക് വിധേയമായി ഭവനങ്ങൾ നൽകും. ഇതിനായി അല്ലപ്ര വട്ടയ്ക്കാട്ടുപടി റോഡിൽ ആക്കാംപറമ്പിൽ മനയ്ക്കപ്പടി ഭാഗത്ത് പണി തീർത്ത ഫ്ളാറ്റിൽ മൂന്ന് മുറിയുള്ള നാല് വീടുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആയിരം സ്‌ക്വയർഫീറ്റിൽ പണി തീർത്ത ഫ്‌ളാറ്റുകളാണ് നൽകുക. അപേക്ഷകൾ നവംബർ 1 മുതൽ 30 വരെ മഞ്ജു ഗാർമെന്റ്സ് ഓഫീസിൽ സ്വീകരിക്കുമെന്നും ഡിസംബർ 15 ാം തീയതിക്കകം ഭവനം ലഭിച്ചവർക്ക് അറിയിപ്പുകൾ നൽകുന്നതാണെന്ന് വാർത്താ സമ്മേളനത്തിൽ മഞ്ജു ഗാർമെന്റ്സ് മാനേജിംങ് ഡയറക്ടർ ടി.ടി. ജോയി, ഡയറക്ടർ എബി ജോയി എന്നിവർ പറഞ്ഞു.