പെരുമ്പാവൂർ: 22 വർഷം സർവീസിലിരുന്ന് വിരമിച്ച കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ജീവനക്കാരന് ഒന്നരവർഷം കഴിഞ്ഞിട്ടും പെൻഷനും ആനുകൂല്യവുമില്ലെന്ന് ആക്ഷേപം. ബാംബൂ കോർപ്പറേഷന്റെ അങ്കമാലി-ചമ്പന്നൂരിലെ ഫാക്ടറി ജീവനക്കാരനായിരുന്ന പെരുമ്പാവൂർ ചേരാനല്ലൂർ നിരപ്പൻതൊട്ടിയിൽ എൻ.ബി. ശശിക്കാണ് പ്രൊവിഡന്റ് ഫണ്ട് തുകയോ ഗ്രാറ്റുവിറ്റിയോ ലീവ് സറണ്ടറോ മറ്റ് ആനുകൂല്യങ്ങളോ ഒന്നും ഇതുവരെയും ലഭിക്കാത്തത്. 2018 ലാണ് പക്ഷാഘാതത്തെ തുടർന്ന് ശശിയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദീർഘനാൾ കിടപ്പാലായതോടെ ശശിക്ക് 2 വർഷത്തോളം കമ്പനിയിൽ ജോലിക്കുപോകാൻ കഴിഞ്ഞില്ല. അതിനിടെയാണ് 2020 മേയ് 31നാണ് ശശി സർവീസിൽ നിന്ന് വിരമിച്ചത്.
ശശി കിടപ്പിലായതിനെ തുടർന്ന് ബാംബൂ കോർപ്പറേഷൻ പി.എഫിലേക്ക് തുകയൊന്നും അടച്ചിട്ടില്ലത്രെ. എങ്കിലും ശശിയുടെ വിഹിതമായ നല്ലൊരു തുക പി.എഫ് അക്കൗണ്ടിൽ ഉണ്ട്. ശശിയുടെ പി.എഫ് വിഹിതത്തിന്റെ കണക്കുകൾ കമ്പനി കൊടുക്കാത്തതുകൊണ്ടാണ് പെൻഷനും ആനുകൂല്യങ്ങളും അനുവദിക്കുവാൻ കഴിയാത്തതെന്നാണ് പി.എഫ് ഓഫീസ് അധികൃതർ പറയുന്നത്. പക്ഷാഘാതത്താൽ ഒരുവശം തളർന്ന ശശി ദീർഘനാളത്തെ ചികിത്സക്കുശേഷം ഇപ്പോൾ ഊന്നുവടിയുടെ സഹായത്താലാണ് പ്രാഥമിക കർമ്മങ്ങൾക്കുപോലും പോകുന്നത്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന ഭാര്യ പുഷ്പയ്ക്ക് ഭർത്താവ് പക്ഷാഘാതം മൂലം കിടപ്പിലായതിനെതുടർന്ന് ജോലിക്കുപോകാനും നിവൃത്തിയില്ലാതായി. ഇവർക്കു മക്കളുമില്ല. ശശിക്ക് മരുന്നിനുതന്നെ മാസം ചുരുങ്ങിയത് 32500 രൂപയോളം വേണം. വരുമാനമൊന്നും ഇല്ലാതായതോടെ പലരിൽനിന്നും കടംവാങ്ങിയാണ് മരുന്നും മറ്റു നിത്യചെലവുകളും നടത്തുന്നത്.
കോതമംഗലത്ത് നടത്തിയ മുഖ്യമന്ത്രിയുടെ അദാലത്തിൽ ശശി നിവേദനം നൽകിയതിനെത്തുടർന്ന് അപ്പോൾത്തന്നെ മേൽനടപടിക്കായി നിവേദനം കളക്ടർക്കു കൈമാറുകയും ചെയ്തിരുന്നു. അടിയന്തര നടപടി സ്വീകരിക്കുവാൻ ബാംബൂ കോർപ്പറേഷൻ എം.ഡിക്ക് കളക്ടർ നിർദ്ദേശം നൽകുകയും ചെയ്തിരുന്നതാണ്. പിന്നീടും കാര്യങ്ങൾ നടക്കാതെ വന്നതോടെ വീണ്ടും മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും പരാതി നൽകി കാത്തിരിക്കുകയാണ് കുടുംബം. പെൻഷനെങ്കിലും കിട്ടിത്തുടങ്ങിയിരുന്നെങ്കിൽ കടം വാങ്ങിക്കാതെ മരുന്നെങ്കിലും വാങ്ങിക്കാമായിരുന്നുവെന്ന് ഈ ദമ്പതികൾ പറയുന്നു.