കൊച്ചി: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊച്ചി സിറ്റി സമ്മേളനം എറണാകുളം വിമൻസ് അസോസിയേഷൻ ഹാളിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറേറ്റ് ബിൽഡിംഗ് നിർമാണം തുടങ്ങുന്നതിനും ഇത് വേഗത്തിൽ പൂർത്തിയാക്കുന്നതിനുംവേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. എളമക്കര പൊലീസ് സ്‌റ്റേഷന് അനുയോജ്യമായ സ്ഥലം കണ്ടെത്തി പുതിയ സ്റ്റേഷൻ നിർമ്മിക്കാനാവശ്യമായ നടപടികൾ തുടങ്ങണം, ജോലിയുടെ പ്രത്യേകതകളും അപകട സാദ്ധ്യതകളും പരിഗണിച്ചുക്കൊണ്ട് റിസ്‌ക് അലവൻസ് വർദ്ധിപ്പിക്കണം, പൊലീസ് സ്‌റ്റേഷനുകളിലെയും സ്‌പെഷ്യൽ യൂണിറ്റുകളിലെയും സ്റ്റാഫ് പാറ്റേൺ കാലാനുസൃതമായി പരിഷ്‌കരിക്കണം തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് സി.ജെ. മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റിഅംഗം പി.ജി. അനിൽകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി എ.ജെ. സെബാസ്റ്റ്യൻ, എറണാകുളം എ.സി.പി. സി. ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ഖജാൻജി കെ.എസ്. ഔസേഫ് സംസ്ഥാന കമ്മിറ്റി റിപ്പോർട്ടും ജില്ലാ സെക്രട്ടറി സുരേഷ്ബാബു ജില്ലാ കമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു.