കൊച്ചി: സി.പി.എമ്മിൽ നിന്ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യപ്പെട്ട മുതിർന്ന നേതാവ് സി.കെ. മണിശങ്കറെ സി.ഐ.ടി.യു ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കി. നിലവിലെ ജില്ലാ പ്രസിഡന്റ് പി.ആർ. മുരളീധരനാണ് പുതിയ ജില്ലാ സെക്രട്ടറി. ജോൺ ഫെർണാണ്ടസാണ് പ്രസിഡന്റ്. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാർട്ടി അച്ചടക്ക നടപടിയുണ്ടായതിന്റെ നീരസത്തിൽ പാർട്ടി ഏല്പിച്ച എല്ലാ പദവികളിൽ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മണിശങ്കർ കഴിഞ്ഞദിവസം കത്തുനൽകിയിരുന്നു. ഇത്തരത്തിൽ കത്ത് നൽകുന്നരീതി സി.പി.എമ്മിൽ അത്യപൂർവമാണ്. കത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കൽ നടപടിയെങ്കിലും പുറത്താക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് മണിശങ്കർ കത്തു നൽകിയതെന്ന് ഔദ്യോഗികപക്ഷത്തുള്ളവർ പറയുന്നു. അടുത്തയാഴ്ച ചേരുന്ന സിഐടിയു സംസ്ഥാന സെന്ററിൽ മണിശങ്കറെ സംസ്ഥാന വൈസ് പ്രസിഡന്റുസ്ഥാനത്തുനിന്നും നീക്കുമെന്നാണ് പുറത്തുവരുന്ന സൂചന.
നിലവിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും ജില്ലാ സെക്രട്ടറിസ്ഥാനവും ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന്റെ ചെയർമാൻ സ്ഥാനവും ചുമട്ടുതൊഴിലാളി യൂണിയന്റെ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനവും മണിശങ്കർ വഹിച്ചിരുന്നു. കൂടാതെ ജില്ലയിലെ ഒട്ടേറെ യൂണിയനുകളുടെ നേതൃസ്ഥാനവും അദ്ദേഹത്തിനുണ്ട്. എല്ലാ പദവികളിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്.