കൊച്ചി: ഇന്നലെ രാവിലെ മുതൽ തുടർച്ചയായി പെയ്ത മഴയിൽ നഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളം കയറി. വെള്ളക്കെട്ട് മണ്ണിടിച്ചിൽ സാദ്ധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമായതോടെ ബീച്ച് ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി.

 പ്രളയബാധിത പ്രദേശങ്ങൾ

ഗാന്ധിനഗർ ഉദയ കോളനിയിലും പി.ആന്റ് ടി കോളനിയിലും വെള്ളം കയറി. അങ്കമാലി ടൗണിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപവും ദേശീയ പാത അങ്ങാടിക്കടവ്, എളവൂർ കവല, സെൻറ്. ജോസഫ് സ്‌കൂൾ പരിസരം, ചെറിയ വാപ്പാലശേരി എന്നിവിടങ്ങളിൽ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. മൂവാറ്റുപുഴ, വാഴക്കുളം ടൗണുകളിലും കല്ലൂർക്കാട് ബസ് സ്റ്റാന്റ് എന്നിവിടങ്ങൾ വെള്ളത്തിലായി. മലങ്കര ആനിക്കാട് ചിറയിൽ നിന്നും ആറ് വീടുകളിൽ വെള്ളം കയറി. കോതമംഗലത്ത് തങ്കളം ബൈപ്പാസ്, അടിവാട് എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ടായി.


 സജ്ജമായി ജില്ല

എ.ഡി.എം എസ്.ഷാജഹാന്റെ നേതൃത്വത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അതിതീവ്ര മഴ (റെഡ് അലർട്ട് ) മുന്നറിയിപ്പിനെ തുടർന്നു അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ലപൂർണ സജ്ജമാണെന്ന് യോഗം വിലയിരുത്തി. താലൂക്ക്, വില്ലേജ്, തദ്ദേശ സ്വയം ഭരണ സ്ഥാപന തലങ്ങളിലെ കൺട്രോൾ റൂമുകൾ സജീവമായി. സമീപ ജില്ലകളിലും മഴ തുടരുന്നതിനാൽ കൂടുതൽ ജാഗ്രത തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേന ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

 ദുരിതാശ്വാസ ക്യാമ്പുകൾ

അത്യാവശ്യ ഘട്ടത്തിൽ ക്യാമ്പുകൾ തുറക്കുന്നതിനുള്ള സജ്ജീകരണങ്ങളും പൂർത്തിയായി. വില്ലേജ് ഓഫീസർമാരോട് ക്യാമ്പുകളായി പരിഗണിക്കുന്ന സ്ഥാപനങ്ങളുടെ താക്കോലുകൾ കൈവശം സൂക്ഷിക്കാൻ നിർദേശം നൽകി. കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിനോടും മുൻകരുതൽ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആന്റിജൻ ടെസ്റ്റ് നടത്തിയതിനു ശേഷമായിരിക്കും ക്യാമ്പിൽ പ്രവേശിപ്പിക്കുക. ഇതിനുള്ള സജ്ജീകരണങ്ങൾ പ്രാഥമിക ആരോഗ്യ തലത്തിൽ പൂർത്തിയാക്കി. വാഹനസൗകര്യങ്ങൾ ഏർപ്പാടുത്താൻ എറണാകുളം, മൂവാറ്റുപുഴ ആർ.ടി.ഒ മാർക്കും നിർദേശം നൽകിയിട്ടുണ്ട്.