വൈപ്പിൻ: ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത ദമ്പതികൾ പൊലീസ് പിടിയിലായി. നായരമ്പലം കളത്തിപറമ്പിൽ സുജിത്കുമാർ(35), ഭാര്യ വിദ്യ (29) എന്നിവരെ ഞാറക്കൽ പൊലീസ് അറസ്റ്റുചെയ്തു. ഈ മാസം രണ്ടിന് പുലർച്ചെ നെടുങ്ങാട് വെച്ച് പള്ളിയിൽ പോകുകയായിരുന്ന റോസിയുടെ രണ്ടര പവന്റെ മാലയാണ് ഇവർ പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്.
മത്സ്യത്തൊഴിലാളിയാണ് സുജിത്. കൊച്ചി നഗരത്തിലെ ഒരു ഷോപ്പിലെ സെയിൽസ് ഗേളാണ് വിദ്യ. ഇവർക്ക് ധാരാളം കടമുണ്ടത്രേ. കടം വീട്ടാനുള്ള എളുപ്പവഴിയായിട്ടണ് മാല പൊട്ടിക്കൽ ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. റോഡിലെ സി.സി ടിവി കാമറകൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത് എത്തിയത്. ഇരുവരെയും റിമാൻഡ് ചെയ്തു.