darbharhall
ഡർബാർ ഹാൾ

കൊച്ചി: കൊവിഡിന്റെ ആലസ്യത്തിൽ നിന്ന് കൊച്ചി നഗരം ഉണരുന്നതോടെ നിറങ്ങളെയും ചിത്രങ്ങളെയും വരവേറ്റ് എറണാകുളം ദർബാർ ഹാളിൽ തിരക്കേറുന്നു. കൊവിഡ് കാലത്ത് വരച്ച് തീർത്ത വരകളുമായി കലാകരന്മാർ എത്തിത്തുടങ്ങി. കാഴ്ച്ചക്കാരും കൂടി എത്തുന്നതോടെ ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ ചിത്ര പ്രദർശനങ്ങൾ, ഫോട്ടോ എക്‌സിബിഷൻ, കലാ ക്യാമ്പുകൾ എന്നിവ സജീവമാവുകയാണ്.
കൊവിഡ് വ്യാപനത്തിന്റെ ഇടയിൽ ലളിതകലാ അക്കാദമിയുടെ ലോകമേ തറവാട് എന്ന പ്രദർശനത്തിന് മാത്രമാണ് എറണാകുളം ദർബാർ ഹാൾ വേദിയായത്. നാലു ഗ്യാലറികളിലും ബുക്കിംഗുകൾ വന്നുകൊണ്ടിരിക്കുകയാണ്. ആളുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്.
രണ്ടു എക്‌സിബിഷനാണ് നടന്നുകൊണ്ടിരിക്കുന്നത്. ചിത്രകലാ അദ്ധ്യാപകരുടെ കൂട്ടായ്മയായ ടീച്ച് ആർട്ട് കൊച്ചി, സുധീർ എഴുവത്തിന്റെ ചിത്ര പ്രദർശനങ്ങളാണ് നടക്കുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അൺ എയിഡഡ് സ്‌കൂളുകളിലെ നൂറോളം കലാ അദ്ധ്യാപകരുടെ ചിത്രങ്ങളും ശില്പങ്ങളും ക്രാഫ്റ്റ് വർക്കുകളും പ്രദർശനത്തിൽ ഉണ്ട്.
കൊവിഡ് മാനദണ്ഡം കർശനമാക്കിയാണ് പ്രവേശനം. പ്രവേശന കവാടത്തിൽ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യത്തോടൊപ്പം തന്നെ ശരീരോഷ്മാവ് പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

 കൊവിഡ് കാലം സർഗാത്മകതയിൽ ഉണർവുണ്ടായ കാലഘട്ടമാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ കൂടുതൽ പ്രദർശനങ്ങളുമായി സംസ്ഥാനത്തെ ആർട്ട് ഗ്യാലറികൾ സജീവമാവും. ലളിത കലാ അക്കാദമിയുടെ നേതൃത്വത്തിൽ കൊവിഡ് കാലത്ത് കലാകാരന്മാർക്കായി വീടുകളിലിരുന്ന് ചിത്രങ്ങൾ ചെയ്യാനുള്ള സാമ്പത്തിക സഹായം അക്കാദമി നൽകിയിരുന്നു. ഈ ചിത്രങ്ങളുടെ പ്രദർശനങ്ങൾ നടന്നു വരികയാണ്.

നേമം പുഷ്പരാജ്
ചെയർമാൻ
ലളിത കലാ അക്കാദമി

 വായും മൂക്കും മാത്രമല്ല വർണ്ണങ്ങളുള്ള കണ്ണും പൂട്ടിയ കാലം കഴിഞ്ഞു കൊവിഡ് കാലത്ത് തേച്ചവർണ്ണങ്ങൾ കാണാൻ തുടങ്ങിക്കഴിഞ്ഞു. ചിത്രപ്രദർശനങ്ങൾ വീണ്ടും സജീവമാവുന്നത് കലാകാരന്മാർക്ക് അവസരങ്ങൾ നൽകും.

ആർ.കെ ചന്ദ്രബാബു
ചിത്രകലാ അദ്ധ്യാപകൻ