sherly-johnson
ഫോട്ടോ

തൃപ്പൂണിത്തുറ: ഒറ്റപ്പെട്ടുപോയെന്ന് തോന്നിയപ്പോൾ കാമറ ക്ലിക്കിലൂടെ ജീവിതം തിരിച്ചുപിടിച്ച് മാതൃകയായിരിക്കുകയാണ് ഈ വീട്ടമ്മ. ഭർത്താവ് ജോൺസൺ വാഹനാപകടത്തിൽ ശരീരം തളർന്ന് കിടപ്പിലായതോടെയാണ് തിരുവാങ്കുളം മാലായിൽ ഷേർളിയുടെ ജീവിതം ഇരുൾമൂടിയത്.

2010ൽ ചമ്പക്കരക്ക് സമീപമാണ് നൈസ് സ്റ്റുഡിയോ ഉടമയായ ജോൺസൺ വാഹനാപകടത്തിൽപ്പെട്ടത്. കിടപ്പിലായി രണ്ട് വർഷത്തിനുശേഷം മരിച്ചു. വിദ്യാർത്ഥികളായ രണ്ട് മക്കൾ ഉൾപ്പെടെ കുടുംബത്തിന്റെ ഭാരം ഷേർളിയുടെ ചുമലിലായി. സ്റ്റുഡിയോയിലെ ജീവനക്കാരൻ ജോലി ഉപേക്ഷിച്ച് പോയി. ജീവിതമാർഗം അടയുമെന്ന് വന്നപ്പോഴാണ് ജോൺസൺ തനിക്ക് പകർന്നുതന്ന അറിവിലൂടെ സ്റ്റുഡിയോയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഫോട്ടോ എടുക്കാനും കമ്പ്യൂട്ടറിൽ ഫോട്ടോ എഡിറ്റ് ചെയ്യാനും കോപ്പി പ്രിന്റ് ചെയ്യാനുമെല്ലാം ജോൺസൺ ഭാര്യയെ പഠിപ്പിച്ചിരുന്നു.

ജോൺസന്റെ ചികിത്സയ്ക്കും മറ്റുമായി ലക്ഷങ്ങൾ കടബാദ്ധ്യതയുണ്ടായിരുന്നു. ഇത് തീർക്കാനും ജീവിതം മുന്നോട്ടുകൊണ്ടുപോകാനുമായി അങ്ങനെ ഷേർളി കാമറ ക്ലിക്ക് ചെയ്തുതുടങ്ങി. പതിയെ സ്റ്റുഡിയോയെ വീണ്ടും സജീവമാക്കി. ബാദ്ധ്യതകൾ തീർത്തു, മക്കളെ പഠിപ്പിച്ചു. മൂത്ത മകൻ ജെറി മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനാണ്. രണ്ടാമൻ ജോയൽ ബി കോമിന് പഠിക്കുന്നു. സ്ത്രീകൾ ആത്മാഭിമാനത്തോടെ സ്വന്തം കാലിൽ നിൽക്കാൻ മുന്നിട്ടിറങ്ങണമെന്നാണ് ഷേർളിയുടെ ഉപദേശം. ഒരു വനിതയ്ക്കുകൂടി തന്റെ സ്റ്റുഡിയോയിൽ ജോലി നൽകിയിട്ടുണ്ട് ഈ നാൽപ്പത്തെട്ടുകാരി.