ആലുവ: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ബി.എൽ.ഒ മാരോടുള്ള സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും അവഗണന തിരുത്തണമെന്നും കാലങ്ങളായി നൽകുന്ന ഓണറേറിയവും മറ്റ് അലവൻസുകളും കാലോചിതമായി പരിഷ്‌കരിക്കണമെന്നും ബൂത്ത് ലെവൽ ഓഫീസേഴ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. സന്നദ്ധ പ്രവർത്തകരാണെങ്കിലും കാലോചിതമായി ഓണറേറിയം പരിഷ്‌കരിക്കണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് മൂന്ന് വർഷം പിന്നിട്ടിട്ടും സർക്കാരോ തിരഞ്ഞെടുപ്പ് കമ്മീഷനോ നടപ്പാക്കിയിട്ടില്ലെന്നും യോഗം ആരോപിച്ചു. ഇത്തരത്തിലുള്ള അവഗണനക്കെതിരെ കോടതിയെ സമീപിക്കാനും തീരുമാനിച്ചതായി പ്രസിഡന്റ് സി.ജി. സനിജ, സെക്രട്ടറി ബി. ശങ്കരനാരായണൻ എന്നിവർ അറിയിച്ചു. വോട്ടർ പട്ടികയിലെ അപാകതകൾ പരിഹരിക്കുകയും പേര് ഉൾപ്പെടുത്തുന്നതിനുള്ള പോർട്ടൽ ശാസ്ത്രീയമായി പരിഷ്‌കരിക്കുകയും വേണം. ജോലിക്കാവശ്യമായ ഇന്റർനെറ്റ് സൗകര്യമുള്ള ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയ അനുവദിക്കുക, ഗൃഹസന്ദർശന വേളയിൽ മൃഗങ്ങളുടെ ആക്രമണം മൂലമോ അല്ലാതെയോ സംഭവിക്കുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക, മറ്റ് തിരഞ്ഞെടുപ്പ് വിഭാഗത്തിലെ ജീവനക്കാർക്ക് അനുവദിക്കുന്ന ആനുകൂല്യങ്ങൾ ബി.എൽ.ഒ.മാർക്കും അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.