അങ്കമാലി: ഈറ്റ, കാട്ടുവള്ളി, തഴ ക്ഷേമനിധി ബോർഡ് ലേബർ വെൽഫെയർ ബോർഡിലേക്ക് ലയിപ്പിക്കാനുള്ള സർക്കാർ നടപടികൾ നിർത്തിവക്കണമെന്ന ആവശ്യം ശക്തമായി. ആയിരക്കണക്കിന് സാധാരണക്കാർ തൊഴിലെടുക്കുന്ന പരമ്പരാഗത തൊഴിൽ മേഖലയിലുള്ളവരുടെ ക്ഷേമത്തിനായി 1998ൽ രൂപീകരിച്ച ക്ഷേമബോർഡാണിത്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരും സമൂഹത്തിൽ പിന്നാക്കാവസ്ഥയിലുള്ള സ്ത്രീകൾ ഏറെയും പണിയെടുക്കുന്ന ഈറ്റ,കാട്ടുവള്ളി, തഴ ഉപയോഗിച്ച് കൈത്തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് കൈത്താങ്ങാകാൻ തുടങ്ങിയ ക്ഷേമനിധി ബോർഡാണ് ലേബർ വെൽഫെയർ ബോർഡിലേക്ക് ലയിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഫാക്ടറി തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ബോർഡിലേക്ക് ലയിപ്പിക്കുന്നതുവഴി നിലവിൽ പരമ്പരാഗത മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ പാടെ അവഗണിക്കപ്പെടുമെന്നാണ് ഈ മേഖലയിലെ തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. വനത്തിൽപോയി ഈറ്റവെട്ടുന്നവർ, പനമ്പ് നെയ്യുന്നവർ, ചൂരൽ ഉപയോഗിച്ച് വീട്ടുപകരണങ്ങൾ ഉണ്ടാക്കുന്നവർ, തഴപ്പായ നെയ്യുന്നവരുമായ തൊണ്ണൂറായിരം തൊഴിലാളികൾ അംഗങ്ങളായ ക്ഷേമനിധിയാണിത്. എല്ലാവർഷവും ക്ഷേമനിധി അംഗങ്ങൾക്ക് സാമ്പത്തിക താങ്ങായി 1250 രൂപ, കൂടാതെ പ്രസവാനുകൂല്യം 15000 രൂപ വച്ച് രണ്ടു പ്രാവശ്യം, വിവാഹങ്ങൾക്ക് 3000, വിവിധ പഠനങ്ങൾക്ക് വിദ്യാഭ്യാസ ആനുകൂല്യം എന്നിവ നിലവിൽ ലഭിക്കുന്നുണ്ട്. 60 വയസു തികഞ്ഞ തൊഴിലാളികൾക്ക് പെൻഷനും നൽകുന്നു. തൊഴിലാളികളുടെ വീതമായി ഒരു വർഷം 180 രൂപയാണ് അടക്കേണ്ടത്. ഇത്രയും അംഗങ്ങളുള്ള ക്ഷേമനിധിയുടെ പ്രവർത്തനങ്ങൾക്ക് രണ്ട് സ്ഥിരം ജീവനക്കാരും ഡെപ്യൂട്ടേഷനിൽ എത്തിയ രണ്ടു പേരും താത്കാലിക ജീവനക്കാരായ അഞ്ചുപേരുമാണുള്ളത്.

ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകാനും ക്ഷേമനിധിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുമുള്ള നടപടികൾ സ്വീകരിക്കാതെ ഫാക്ടറി തൊഴിലാളികളുടെ ക്ഷേമനിധിയിലെക്ക് ഇതിനെ ലയിപ്പിക്കുന്നതോടെ പരമ്പരാഗത മേഖലയിലെ തൊഴിലാളികൾ പിൻതള്ളപ്പെടുമെന്ന ആശങ്കയാണ് നിലവിലുള്ളത്.

ലയനനടപടികൾക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ കോ ഓർഡിനേഷൻ അങ്കമാലിയിലെ ആസ്ഥാന മന്ദിരത്തിനു മുൻപിൽ പ്രതിഷേധധർണ നടത്തി.