തന്ത്രപ്രധാനമായ ഓഫീസുകളും നിരവധി സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന കൊച്ചിയിൽ സി.ടി.ടിവി കാമറകൾ സ്ഥാപിച്ചത് പൊലീസിന് ഏറെ ഗുണം ചെയ്തിരുന്നു. ഇപ്പോൾ ഗതാഗത നിയമലംഘനങ്ങൾ നടന്നാൽപ്പോലും പിടികൂടാനാവാതെ നിസഹായരായി നോക്കി നിൽക്കനെ പൊലീസിന് കഴിയുന്നുള്ളൂ.
കൊച്ചി:പതിനായിരക്കണക്കിന് യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന കൊച്ചി നഗരത്തിൽ പ്രവർത്തനസജ്ജമായ സി.സി.ടിവി കാമറകൾ എത്രയുണ്ടെന്ന് അറിയാമോ? വട്ടപ്പൂജ്യം!സംശയിക്കേണ്ട, നേരത്തെ സ്ഥാപിച്ച കാമറകളെല്ലാം മിഴിയടച്ചു.രാജ്യത്തിന്റെ തന്ത്രപ്രധാനമേഖലകളിലൊന്നായ കൊച്ചിയിൽ രാപ്പകൽ ഭേദമില്ലാതെ കൺമിഴിക്കേണ്ടുന്ന സി.സി.ടിവി കാമറകൾ ഇങ്ങനെ കണ്ണടച്ചാലുണ്ടാകുന്ന പൊല്ലാപ്പുകൾ ചില്ലറയൊന്നുമില്ല. യുവനടിക്ക് നേരെ രാത്രിയിൽ ദേശീയപാതയിൽ ഉണ്ടായതുപോലുള്ള അനുഭവം പട്ടാപ്പകൽ നടന്നാലും കണ്ടെത്താൻ നിരീക്ഷണ സംവിധാനമില്ലെന്നത് കൊച്ചിയുടെ നഗരസുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഏതെങ്കിലും വീടുകളിലോ വ്യാപാര സ്ഥാപനങ്ങളിലോ സ്ഥാപിച്ച കാമറകളെ ആശ്രയിക്കുകയാണ് ഇപ്പോൾ പൊലീസിന് മുന്നിലുള്ള ഏക വഴി. മെട്രോ നിർമ്മാണം ആരംഭിച്ചപ്പോൾ മുതലാണ് നിരീക്ഷണ കാമറകൾ ഇല്ലാതായതെന്നാണ് പൊലീസ് പറയുന്നത്. മെട്രോ നിർമ്മാണത്തിന്റെ ഭാഗമായി ഭൂരിഭാഗം കാമറകളും എടുത്തുമാറ്റിയിരുന്നു. പിന്നീട് അതീവ സുരക്ഷയുള്ള കാമറകൾ സ്ഥാപിച്ചെങ്കിലും അതും പ്രവർത്തന രഹിതമായി. സി.എസ്.എം.എല്ലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കാമറകൾ മാറ്റിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
കാമറക്കഥ
•2008 ആദ്യമായി സി.സി.ടിവി സ്ഥാപിച്ചു
•132 എണ്ണം, മെട്രോയ്ക്കായി 33 എണ്ണം മാറ്റി
•99 സി.സി.ടിവി കാമറകളിൽ 60 കാഴ്ച മങ്ങി
•വൈകാതെ എല്ലാം അടിച്ചുപോയി
• 360ഡിഗ്രി തിരിയുന്ന കാമറയടക്കം സ്ഥാപിച്ചു
• 99 കാമറകളാണ് സിറ്റി പൊലീസ് സ്ഥാപിച്ചത്
അറ്റകുറ്റപ്പണി തഥൈവ !
ഒരോ വർഷവും അറ്റകുറ്റപ്പണി നടത്താമെന്ന കരാർ വ്യവസ്ഥയിലാണ് കെൽട്രോൺ ട്രാഫിക്ക് പൊലീസിനായി നഗരത്തിൽ കാമറകൾ സ്ഥാപിച്ചത്. എന്നാൽ, വർഷങ്ങൾ ഓരോന്ന് പിന്നിടുമ്പോഴും കാര്യക്ഷമമായ അറ്റകുറ്റപ്പണിയൊന്നും കെൽട്രോൺ ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം.അറ്റകുറ്റപ്പണി നടത്തിയെന്ന് കെൽട്രോൺ അവകാശപ്പെടുന്ന കാമറകളും നിലവിൽ പ്രവർത്തിക്കുന്നില്ല.കാമറകൾ ഇല്ലാത്ത ജംഗ്ഷനുകളിൽ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി നോക്കിയാണ് പൊലീസ് സാമൂഹ്യവിരുദ്ധരെയും ഗതാഗത നിയമം ലംഘിക്കുന്നവരെയും പിടികൂടുന്നത്.പക്ഷേ,രാത്രി കാലങ്ങളിലുണ്ടാകുന്ന സംഭവങ്ങളിൽ ഇത് സാദ്ധ്യമാകില്ലെന്ന് പൊലീസ് പറയുന്നു.
കാമറ നിരീക്ഷണത്തിലല്ല !
തേവര, പള്ളിമുക്ക്,വളഞ്ഞമ്പലം,കടവന്ത്ര,ജോസ് ജംഗ്ഷൻ,ഡി.സി.സി ജംഗ്ഷൻ,സൗത്ത് റെയിൽവേ സ്‌റ്റേഷൻ,കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്,താലൂക്ക് ഓഫീസ്, മേനക ജംഗ്ഷൻ,ഹൈക്കോട് ജംഗ്ഷൻ,കച്ചേരിപ്പടി,ടൗൺഹാൾ, ജഡ്ജസ് അവന്യു,മാധവ ഫാർമസി,നോർത്ത് റെയിൽവെ സ്‌റ്റേഷൻ,കലൂർ റെയിൽവെ സ്‌റ്റേഷൻ,തേവര പൊലീസ് സ്റ്റേഷൻ, നെഹ്‌റു സ്റ്റേഡിയം,പാലാരിവട്ടം ജംഗ്ഷൻ,ഇടപ്പള്ളി ജംഗ്ഷൻ, എൻ.എച്ച് ബൈപ്പാസ്,വൈറ്റില ജംഗ്ഷൻ,ഇൻഫോപാർക്ക്,വൈറ്റില ഹബ്ബ് എന്നിവിടങ്ങൾ.
സി.എസ്.എം.എല്ലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പലയിടത്തും കാമാറകൾ അഴിച്ചുവച്ചിട്ടുണ്ട്. വൈകാതെ ഇവ തിരികെ ഘടുപ്പിക്കും
കൺട്രോൾ റൂം
കൊച്ചി സിറ്റി പൊലീസ്