കാലടി: നീലീശ്വരം ശാന്തിപുരത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് നിർമ്മാണത്തിലിരുന്ന കോൺക്രീറ്റ് വീട് ഇന്നലെ രാവിലെ 7 ന് തകർന്നുവീണു. ശാന്തിപുരത്ത് താമസിക്കുന്ന കൊവിഡ് ബാധിച്ച് മരിച്ച കോയിക്കര വർഗ്ഗീസിന്റെ വീടാണ് തകർന്നത്. ഭാര്യയും കുട്ടികളും പള്ളിയിൽ പോയതിനാൽ വൻദുരന്തം ഒഴിവായി. രണ്ട് സെന്റ് സ്ഥലത്താണ് വീടു പണി നടന്നു വന്നിരുന്നത്. വർഗീസ് ജനുവരിയിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഭാര്യ റെജീന കൂലി പണി ചെയ്താണ് കുടുംബം പോറ്റുന്നത്. മറ്റുള്ളവരുടെ സഹായത്താലാണ് വീടുപണി നടന്നിരുന്നതെന്ന് തൊണ്ട ഇടറി റെജീന കേരളകൗമുദിയോട്പറഞ്ഞു. മക്കൾ:സനൽ,സിൽജി. വാർക്ക വീട് ഇടിഞ്ഞു വീണു അയൽവാസികളായ ഞാറ്റുംപെട്ടിഞാലിൽ നീലകണ്ഠന്റെ ഭാര്യ തങ്കമ്മ, ഞാറ്റുംപെട്ടിഞാലിൽ ദേവു എന്നിവരുടെ ഓടുവീടുകൾക്കും നാശനഷ്ടം സംഭവിച്ചു. വൃദ്ധരായ ഇരുവരുടെയും വീടിനു നാശനഷ്ടം പരിഹരിക്കുൻ ഒരു മാർഗ്ഗവുമില്ല.
അപകടമറിഞ്ഞ് റോജി.എം.ജോൺ എം.എൽ.എ സ്ഥലത്തെത്തി കുടുംബക്കാരെ ആശ്വസിപ്പിച്ചു. പഞ്ചായത്തു പ്രസിഡന്റ് സെബി കിടങ്ങേൻ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.കെ.വത്സൻ, മുൻ പഞ്ചായത്തു പ്രസിഡന്റ് ആനിജോസ്, ജില്ലാ പഞ്ചായത്തു മെമ്പർ അനിമോൾബേബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൊച്ചു ത്രേസ്യ തങ്കച്ചൻ, പഞ്ചായത്തംഗങ്ങളായ വിജി റെജി, ജോയ് അവുക്കാരൻ, വിത്സൻ കോയിക്കര, ലിസി, വില്ലേജ് ഓഫീസർ അനിൽ കുമാർ.കെ എന്നിവർ സ്ഥലം സന്ദർശിച്ചു.