മട്ടാഞ്ചേരി: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പാചക മേഖലയിലെ നാവറിവുകളും രുചിഭേദങ്ങളും കണ്ടെത്താൻ ജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികൾക്കായി സംഘടിപ്പിച്ച പാചക മേള നാവറിവ് വേറിട്ട അനുഭവമായി. കൊവിഡ് വ്യാപനം കുട്ടികളെ വീടുകളിലേക്ക് ഒതുക്കിയപ്പോൾ വിരസതയകറ്റാൻ കൂട്ടിക്കൂട്ടങ്ങൾ അടുക്കള കൈയേറിയതിന്റെ ബാക്കിപത്രമാണ് നാവറിവ് എന്ന പേരിൽ വിദ്യാരംഗം ഒരുക്കിയ പാചകവിധികൾ. എറണാകുളം ജില്ലയിലെ 14 ഉപജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുപതോളം പാചകവിധികളാണ് നാവറിവിൽ ഉൾച്ചേർന്നത്. സംവിധാനം ജില്ലാ കോ-ഓർഡിനേറ്റർ സിംല കാസിം നിർവഹിച്ചു. മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, ജി.ആർ അനിൽ, കേരള ഫോക് ലോർ അക്കാദമി ചെയർമാൻ സി.ജെ കുട്ടപ്പൻ, കവി മുരുകൻ കാട്ടാക്കട ,ഷെഫ് സുരേഷ് പിള്ള എന്നിവർ നാവറിവിന് ആശംസകൾ അറിയിച്ചു. പി.വി എൽദോസ്, മരിയ ഗൊരോറ്റി, പി. ഡി ബിന്ദു എന്നിവർ സാങ്കേതിക സഹായവും ആർ ഹരികൃഷ്ണൻ എഡിറ്റിംഗും നിർവഹിച്ചു.