1
പദ്ധതി പ്രദേശം അധികാരികൾ സന്ദർശിക്കുന്നു

പള്ളുരുത്തി: ചെല്ലാനം - ഗോവ കാർഷിക പൈതൃക പദ്ധതി റീബിൽറ്റ് കേരള വഴി നടപ്പിലാക്കാനുള്ള മുൻ കൃഷി മന്ത്രി വി.എസ്.സുനിൽ കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് മണ്ണ് പര്യവേക്ഷണ - സംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് ഇറക്കി. ആധുനിക ശാസ്ത്രനേട്ടങ്ങൾക്കൊപ്പം പരമ്പരാഗത കാർഷിക പൈതൃകങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കാഴ്ച്ചപ്പാടിൽ തയ്യാറാക്കിയിട്ടുള്ളതാണ് പദ്ധതി. കുടുബി സമുദായം ചെല്ലാനത്തിന്റെ കാർഷിക മേഖലയ്ക്ക് നൽകിയിട്ടുള്ള സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. ചെട്ടിവിരിപ്പ് നെൽ വിത്ത്, ചെല്ലാനം പച്ചക്കറി വിത്തിനങ്ങൾ, നിലമൊരുക്കൽ, ജലസേചനം, പത്തായം വെക്കൽ, ചിറ കൃഷികൾ എന്നിങ്ങനെ ചെല്ലാനത്തിന്റെ കാർഷിക പെരുമയ്ക്ക് ഈ കാർഷിക പൈതൃകം വഴിയൊരുക്കും. ചെല്ലാനം കാർഷിക - ടൂറിസം വികസന സൊസൈറ്റിയുടെ ആശയ പ്രകാരം തോട്ടപ്പിള്ളി അന്താരാഷ്ട്ര കായൽ ഗവേഷക ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.കെ.ജി.പത്മകുമാറാണ് കൃഷി മന്ത്രിക്ക് നൽകിയ പദ്ധതിയുടെ സമീപന രേഖ തയ്യാറാക്കിയത്. കൊച്ചി എം.എൽ.എ കെ.ജെ. മാക്സിയുടെ മേൽനോട്ടത്തിൽ ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരായ ഷീബ വർഗ്ഗീസ്, കിഷോർകുമാർ, ജോർജ്ജ് സാലസ് എന്നിവർ തെക്കൻ പൊഴി തരേശ് മുട്ട്, പുറം കായൽ ചിറകൾ, തെക്കെ ചെല്ലാനം, ഗണപതി കാട് എ.ബി. ബ്ലോക്ക് , ചാൽപുറം പടശേഖരങ്ങൾ, പുത്തൻതോട് ഇരട്ട മുട്ട്, പണ്ടാരചിറ മുട്ട് എന്നിവ സന്ദർശിച്ച് പദ്ധതി സാദ്ധ്യതകൾ വിലയിരുത്തി. സൊസൈറ്റി പ്രസിഡന്റ് അഡ്വ.കെ. എക്സ്. ജൂലപ്പൻ, ജനറൽ സെക്രട്ടറി എം.എൻ. രവികുമാർ, കെ.ജെ. ജോൺസൺ, പി.എൻ. രവീന്ദ്രൻ എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.