ആലുവ: പാനായിക്കുളം ചിറയത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ കെട്ടിയിട്ട് 12 പവനോളം സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത സംഘത്തിലെ ഒന്നാം പ്രതി ആലപ്പുഴ അരൂർ ചന്തിരൂർ ഭാഗത്ത് പുതുപ്പിള്ളിൽ വീട്ടിൽ അഫ്‌സലി (37) നെ ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടാം പ്രതി മുൻഷീർ നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞ ആറിന് പുലർച്ചെയാണ് ആഭരണങ്ങളും വില കൂടിയ മൊബൈൽ ഫോണും കവർന്നത്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തവേ ചന്തിരൂരിൽ നിന്നാണ് മുഖ്യപ്രതിയെ പിടികൂടിയത്. ആലപ്പുഴ ജില്ലയിലും കൊച്ചി സിറ്റിയിലെ വിവിധ സ്റ്റേഷനുകളിലും മോഷണത്തിനും മോഷണശ്രമങ്ങൾക്കും നാർകോട്ടിക്ക് ആക്ട് പ്രകാരവും പ്രതിക്കെതിരെ കേസുകളുണ്ട്.
ആലുവ ഡിവൈ.എസ്.പി പി.കെ.ശിവൻകുട്ടി, ബിനാനിപുരം ഇൻസ്‌പെക്ടർ വി.ആർ. സുനിൽ, സബ് ഇൻസ്‌പെക്ടർ രഘുനാഥ്, എ.എസ്.ഐ മാരായ ജോർജ്ജ് തോമസ്, ഹംസ, റഷീദ്, സി.പി.ഒ മാരായ രജീഷ്, ഹരീഷ് എസ്. നായർ, രതീഷ് കുമാർ, മുഹമ്മദ് സലിം എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.