മൂവാറ്റുപുഴ: ശക്തമായ മഴയെ തുടർന്ന് മൂവാറ്റുപുഴയാറും തൊടുപുഴയാറും കാളിയാറും നിറഞ്ഞ് ഒഴുകിയതിനെ തുടർന്ന് 22 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റി. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. മൂവാറ്റുപുഴ നഗരസഭയിലെ ആനിക്കാക്കുടി കോളനിയിലെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ എട്ട് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റി. കുര്യൻമല എൻ.എസ്.എസ് കരയോഗം ഹാളിൽ ആറ് കുടുംബങ്ങളെയും മുടവൂർ കമ്മ്യൂണിറ്റി ഹാളിൽ ഒരു കുടുംബത്തേയും മുടവൂർ റബർ പാർക്കിംഗ് സൊസൈറ്റിയിലേയ്ക്ക് ഒരു കുടുംബത്തേയുമാണ് മാറ്റി പാർപ്പിച്ചത്. നഗരസഭയിലെ മൂന്ന് കണ്ടം കോളനിയിൽ വെള്ളം കയറിയതിനാൽ ആറ് കുടുംബങ്ങളെ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ഈസ്റ്റ് വാഴപ്പിള്ളി ലോരാറ്റോ ആശ്രമത്തിലേയ്ക്കും മാറ്റി പാർപ്പിച്ചിട്ടുണ്ട്. നഗരസഭയിലെ ഇലാഹിയ നഗർ, എട്ടങ്ങാടി, കൊച്ചങ്ങാടി പ്രദേശങ്ങളിൽ വെള്ളപൊക്ക ഭീഷണി ഇനിയും ഒഴിഞ്ഞിട്ടില്ല. ഇവിടങ്ങളിലെ പലകുടുംബങ്ങളും ബന്ധുവീടുകളിലടക്കം മാറിയിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞതും മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയരാത്തതും ആശ്വാസമാണങ്കിലും മൂവാറ്റുപുഴയിൽ വെള്ളപൊക്ക ഭീഷണി ഇനിയും ഒഴിഞ്ഞിട്ടില്ല.