പിറവം: കനത്ത മഴയിൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നതോടെ രാമമംഗലം, മാമ്മലശേരി, ഊരമന ഭാഗങ്ങളിലെ നൂറുകണക്കിനേക്കർ പാടങ്ങൾ വെള്ളത്തിനടിയിലായി.
രാമമംഗലം ഊരമന റോഡിലേക്ക് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. പെരുവെള്ളത്തിൽ നെൽക്കൃഷി നശിക്കുന്നത് കർഷകർക്ക് ഇരുട്ടടിയായി. കൊവിഡ് പ്രതിസന്ധിയിൽ കടം കയറി നട്ടം തിരിയുന്നതിനിടയ്ക്കാണ് അപ്രതീക്ഷിതമായ മഴക്കെടുതി.
രാമമംഗലം കടവ് പാടശേഖരത്തിലെ കൃഷി പൂർണമായും ഒഴുകിപ്പോയി. ഒരാഴ്ച മുമ്പാണ് ഇവിടെ വിത്തുവിതച്ചത്. കിഴുമുറി പെരുംതോടിൽ നിന്നും പാടശേഖരത്തിലേക്ക് കുത്തൊഴുക്കോടെ വെള്ളം എത്തിയതാണ് കൃഷി നശിക്കാൻ കാരണമായതെന്ന് കർഷകർ പറഞ്ഞു. പിറവം, കക്കാട്, കളമ്പൂർ, തിരുമറയൂർ പ്രദേശങ്ങളിലെ നെൽക്കൃഷിയും വെള്ളത്തിനടിയിലാണ്. പിറവം പുഴയിലേക്കെത്തുന്ന കൈത്തോടുകളോട് ചേർന്ന് താഴ്ന്ന പ്രദേശങ്ങളിലെ ആയിരക്കണക്കിന് വാഴകളും, ചേന, കപ്പ തുടങ്ങിയവയും വെള്ളത്തിനടിയിലാണ്.