ആലുവ: കേന്ദ്ര സർക്കാർ രൂപം നൽകിയിട്ടുള്ള പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ കാലോചിതമായി അദ്ധ്യാപകരുടെ വിദ്യാഭ്യാസ ജീവിതാനുഭവം ഉൾപ്പെടുത്തി പരിഷ്‌കരിക്കണമെന്ന് അമേരിക്കയിലെ മിഷിഗൻ യൂണിവേഴ്‌സിറ്റി മുൻ പ്രൊഫസറും മൈസൂർ ജെസ്സ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലറുമായ ഡോ. ജവഹർ നേസൻ ആവശ്യപ്പെട്ടു. കുഴിവേലിപ്പടി കെ.എം.ഇ.എ എൻജിനീയറിംഗ് കോളേജ് സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ വിദ്യാഭ്യാസ നയത്തിന്റെ വെളിച്ചത്തിൽ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വരുത്തേണ്ട പരിഷ്‌കാരങ്ങളെക്കുറിച്ചായിരുന്നു സെമിനാർ. കെ.എം.ഇ.എ എൻജിനീയറിംഗ് കോളേജ് ടെക്‌നിക്കൽ മാഗസിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ റിയാസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജ്‌മെന്റ് സെക്രട്ടറി കെ.എ. ജലീൽ, ട്രഷറർ ബാബു സേട്ട്, അബ്ദുൽ മജീദ് പറക്കാടൻ, എൻ.കെ. നാസർ, എൻ.എം. ശറഫ്ദീൻ, ഡോ. ടി.എം. അമർ നിഷാദ്, ഡോ. രേഖ ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.