kaumudi

ആലുവ: എടത്തല ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡ് മാളേയ്ക്കപ്പടിയിൽ കേരങ്ങാട്ടുചാൽ റോഡിലെ മണ്ണ് അനധികൃതമായി കടത്തിയവർക്ക് അനുകൂലമായി വിവരാവകാശ രേഖ പുറത്തുവന്നതോടെ പുതിയ വിവാദം. 2001ൽ പഞ്ചായത്ത് രണ്ടര മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യുകയും 2008ൽ വീതി കൂട്ടി ടാറിംഗ് നടത്താൻ സ്വകാര്യ കമ്പനിക്ക് അനുമതി നൽകുകയും ചെയ്ത റോഡ് പഞ്ചായത്തിന്റേതല്ലെന്നാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിവരാവകാശ രേഖ പറയുന്നത്.

മണ്ണ് കടത്തുന്നതിന് നേതൃത്വം നൽകിയ രണ്ട് ജനപ്രതിനിധികളെ സഹായിക്കാനാണ് നീക്കമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

പഞ്ചായത്ത് രൂപീകൃതമാകുന്നതിന് മുമ്പ് രണ്ട് മീറ്റർ വീതിയുണ്ടായിരുന്ന ആദ്യകാല റോഡാണിത്. 2009ൽ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ സ്വകാര്യ കമ്പനി മൂന്നര മീറ്റർ വീതിയിൽ ടാറിംഗ് നടത്തി. ഇതേ കാലയളവിൽ റോഡ് എട്ട് മീറ്റർ വീതിയിലാക്കുന്നതിന് സമീപവാസികൾ സ്ഥലം വിട്ട് നൽകി പഞ്ചായത്തിന് സമ്മതപത്രവും (കശ്ശീട്ട്) ഒപ്പിട്ട് നൽകിയിട്ടുള്ളതാണ്. സമ്മതപത്രം നൽകാതിരുന്ന ഒരാൾ നാട്ടുകാർ അതിക്രമിച്ച് കയറാതിരിക്കാൻ കോടതിയെയും സമീപിച്ചു. ഈ കേസ് അവസാനിപ്പിച്ച് റോഡ് എട്ട് മീറ്റർ വീതിയിലാക്കാനെന്ന വ്യാജേനയാണ് നിലവിലുള്ള റോഡ് പഞ്ചായത്തിന്റെ അനുമതിയില്ലാതെ കുഴിച്ച് മണ്ണ് കടത്തിയത്.

മണ്ണ് കടത്തിയവർ അയോഗ്യരാകുമെന്ന സാഹചര്യത്തിലാണ് റോഡ് സ്വകാര്യ റോഡാണെന്ന നിലപാട് പഞ്ചായത്ത് സ്വീകരിച്ചതെന്നാണ് ആക്ഷേപം. പഞ്ചായത്ത് അസ്തി രജിസ്ട്രറിൽ ഇങ്ങനെ ഒരു റോഡില്ലെന്ന പഞ്ചായത്ത് നൽകിയ വിവരാവകാശ രേഖയാണ് ഉയർത്തി കാണിക്കുന്നത്. എന്നാൽ റോഡിന്റെ വശങ്ങളിലുള്ള എല്ലാവരുടെയും പുരയിട പ്രമാണങ്ങളിൽ ഈ റോഡ് പഞ്ചായത്ത് റോഡ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2001ൽ പഞ്ചായത്ത് പണം മുടക്കിയാണ് റോഡ് പണിതത്. 2008ൽ സ്വകാര്യ കമ്പനിക്ക് പഞ്ചായത്ത് റോഡ് നിർമ്മാണത്തിന് രേഖാമൂലമുള്ള അനുമതിയും നൽകി. ഈ കാലയളവിലാണ് നാല് മീറ്റർ റോഡ് എട്ട് മീറ്ററാക്കി വീതി കൂട്ടാൻ നാട്ടുകാർ പഞ്ചായത്തിന് കശ്ശീട്ടും നൽകിയത്.

വിജിലൻസ് അന്വേഷണം വേണമെന്ന് കോൺഗ്രസ്

പഞ്ചായത്ത് റോഡ് സ്വകാര്യ റോഡാക്കി പഞ്ചായത്ത് വിവരാവകാശ നൽകിയ സംഭവത്തെ കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മണ്ണ് കടത്ത് ഉൾപ്പെയുള്ള നിയമവിരുദ്ധ പ്രവർത്തികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എം.എ.എം. മുനീർ അറിയിച്ചു.