വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അനുമോദന സമ്മേളനവും അവാർഡ് വിതരണവും കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷത വഹിച്ചു.199 വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. ഉന്നതവിജയം കൈവരിച്ച ചെറായി എസ്.എം. ഹൈസ്‌കൂളിനും പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളിനും ഉപഹാരങ്ങൾ നൽകി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുനമ്പം പി.എച്ച്.സിയിലെ ഡോ. നിഷിലിനെ എം.എൽ.എ. ആദരിച്ചു.
വൈസ് പ്രസിഡന്റ് എ. എൻ. ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.കെ. ജയൻ, സുബോധ ഷാജി, ഷെന്നി ഫ്രാൻസിസ്, വികസനകാര്യ ചെയർപേഴ്‌സൺ രാധിക സതീഷ്, കെ.എഫ്. വിത്സൻ, ആരോഗ്യകാര്യ ചെയർപേഴ്‌സൺ ബിന്ദു തങ്കച്ചൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ഉഷ സദാശിവൻ എന്നിവർ പ്രസംഗിച്ചു.