mosas
പ്രതികൾ നവീൻ മുരുകേശൻ, മെജോ ജോസ്, മോസസ് അഗസ്റ്റിൻ

കൊച്ചി: യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച നാലംഗ സംഘത്തിലെ മൂന്നുപേരെ എറണാകുളം സൗത്ത് പൊലീസ് അറസ്റ്റുചെയ്തു.
തേവര കോന്തുരുത്തി കസീബ കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന വിശാൽ ബോബനെ (19) വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച കേസിൽ കോത്തുരുത്തി സ്വദേശി നവീൻ മുരുകേശൻ (20), കസ്തൂർബ നഗർ സ്വദേശികളായ മെജോ ജോസ് (23), മോസസ് അഗസ്റ്റിൻ (19) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഒരാൾ ഒളിവിലാണ്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. കടം നൽകിയ പണം വിശാൽ തിരികെ ചോദിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. നവീൻ ഒരാഴ്ചമുമ്പ് ഓൺലൈനിൽ വാങ്ങിയ കത്തി ഉപയോഗിച്ചാണ് യുവാവിനെ കുത്തിയത്. ഈ കത്തിയും പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായവർ നരഹത്യ ഉൾപ്പെടെ നിരവധി കേസുകളിലും മയക്കുമരുന്ന്, മോഷണ കേസുകളിലും പ്രതികളാണ്. എറണാകുളം സിറ്റി അസി. പൊലീസ് കമ്മീഷണർ വൈ. നിസാമുദ്ദീന്റെ നിർദ്ദേശാനുസരണം പൊലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസൽ, സബ് ഇൻസ്പെക്ടർമാരായ വി.വിദ്യ, സി.ടി. ബിനു, സി. ശ്രീകുമാർ , എ.എസ്.ഐ മാരായ ബി.ദിനേശ്, സന്തോഷ് കുമാർ, സി.പി.ഒ മാരായ പ്രശാന്ത്, പ്രശാന്ത് സീതാറാം, പ്രസൂൺ, എം.കെ. അനീഷ് , സനൽ കുമാർ, ജിത്തു എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.