lorry
പാതാളം ആനവാതിൽ റോഡിലെ അനധികൃത ലോറി പാർക്കിംഗ്

കളമശേരി: ഏലൂർ പാതാളം കവല മുതൽ പഴയ ആനവാതിൽ വരെയുള്ളള റോഡിൽ ഇരുവശത്തുമായി കണ്ടെയ്നർ - ടാങ്കർ ലോറികളുടെ അനധികൃത പാർക്കിംഗ് മൂലം അപകടങ്ങൾ പെരുകുന്നു. ഭക്ഷണ അവശിഷ്ടങ്ങളും പാക്കിംഗ് മെറ്റീരിയലുകളും വഴിയരികിലിട്ട് മാലിന്യ പ്രശ്നങ്ങൾ സുഷ്ടിക്കുന്നതായും നാട്ടുകാർ പരാതിപ്പെട്ടു. പാർക്കിംഗിന്റെ മറവിൽ ടൂവീലറിലെത്തുന്ന ലഹരിമരുന്ന് വില്പനക്കാർ മയക്കുമരുന്ന് പൊതികൾ കൈമാറുന്നത് പതിവാണ്. തൊട്ടു മുന്നിലുള്ള ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്ന് ഫയർഎഞ്ചിൻ, പാതാളം ഇ.എസ്.ഐ. യിലെ ആംബുലൻസ് എന്നിവ ഓടിക്കുന്നതിനും അനധികൃത പാർക്കിംഗ് തടസമാകുന്നുണ്ട്. റോഡിനോട് ചേർന്നുള്ള ഫാക്ട് ഈസ്റ്റേൺ യു.പി.സ്കൂളിലേക്കു പോകുന്ന കുട്ടികൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. നോ പാർക്കിംഗ് ബോർഡ് നശിപ്പിച്ചിട്ടിരിക്കുകയാണ്. അനധികൃത പാർക്കിംഗും മലിനീകരണവുംം സംബന്ധിച്ച് നഗരസഭ കളക്ടർക്ക് നിരവധി തവണ പരാതി കൊടുത്തിട്ടുള്ളതാണ്. രണ്ടു ദിവസം മുമ്പ് നഗരസഭ ചെയർമാൻ എ .ഡി.സുജിലിന്റെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് റോഡിലെ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു.