thrikarice
തൃക്കറൈസ് - വിഷരഹിത നാടൻകുത്തരിയുടെ ബ്രാൻഡിംഗ് ഉദ്ഘാടനം മുൻ എം.എൽ.എ യും കർഷകനുമായ ബാബുപോൾ മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസിന് അരി കൈമാറി നിർവഹിക്കുന്നു

മൂവാറ്റുപുഴ: നഗരവാസികൾക്ക് തൃക്കറൈസ് എന്നപേരിൽ വിഷരഹിത നാടൻകുത്തരിയുമായി കർഷകകൂട്ടായ്മ. പ്രാദേശികമായ ജനകീയകൂട്ടായ്മയിൽ ബ്രാൻഡുചെയ്യുന്ന അരിയാണ് നാട്ടുകാരിലെത്തിക്കുന്നത്. ബ്രാൻഡിംഗ് ഉദ്ഘാടനം മുൻ എം.എൽ.എയും കർഷകനുമായ ബാബുപോൾ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് അരി ഏറ്റുവാങ്ങി. പാടശേഖരസമിതി പ്രസിഡന്റ് എസ്. ശരത്ത് അദ്ധ്യക്ഷത വഹിച്ചു. പാടശേഖരസമിതി സെക്രട്ടറി കെ.എം. ദിലീപ്, മുൻ നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ, കെ.വൈ.നിയാസ്, എം.എസ്. ദിനേശ് എന്നിവർ സംസാരിച്ചു.

മൂവാറ്റുപുഴ നഗരഹൃദയത്തിലെ ഗ്രാമ്യഭംഗിയുള്ള പ്രദേശമായ തൃക്കയിലെ മുപ്പതേക്കറോളം വരുന്ന പാടശേഖരം രണ്ടരപതിറ്റാണ്ടുകാലം മാലിന്യക്കൂമ്പാരവും ഭീമാകാരമായ കൈതക്കാടുകളും ചെളിയും നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. വെള്ളപ്പൊക്കസമയത്ത് ദുരിതമനുഭവിച്ച ജനങ്ങൾ പാടത്തെ വെള്ളക്കെട്ട് ഒഴിവാക്കാനും നെൽക്കൃഷി ചെയ്യാനുംവേണ്ടി തൃക്കപാടശേഖരസമിതി എന്ന പേരിൽ സംഘടന രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. തൃക്ക പാടശേഖരസമിതിയുടെ നേതൃത്വത്തിൽ നടന്ന ഒരു വർഷത്തെ കഠിന പരിശ്രമങ്ങളാൽ പാടശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതച്ചു.

സർക്കാരിന്റെയും നഗരസഭയുടെയും വിവിധ സംഘടനകളുടേയും പിന്തുണയോടെയാണ് നെൽവയൽ കൃഷിയോഗ്യമാക്കിത്തീർത്തത്. പതിറ്റാണ്ടുകളായി കൃഷിചെയ്യാതെ കിടന്നിരുന്ന പാടത്ത് നെൽകൃഷിക്കിറങ്ങുമ്പോൾ പാടശേഖരസമതിക്ക് ശുഭപ്രതീക്ഷയായിരുന്നു. നിരവധി പ്രതിസന്ധിഘട്ടങ്ങളിൽ പതറിനിന്നപ്പോൾ തൃക്കയിലെ ജനങ്ങൾ ഒന്നാകെ ഇൗസംരംഭത്തിന് പിന്തുണനൽകി. ഇതാണ് വിഷരഹിത നാടൻകുത്തരി തൃക്കയിലെ ജനങ്ങൾക്ക് നൽകാനായതിന്റെ വിജയരഹസ്യമെന്ന് തൃക്കപാടശേഖരസമിതി സെക്രട്ടറി കെ.എം. ദിലീപും പ്രസിഡന്റ് എസ്. ശരത്തും പറഞ്ഞു. ഒരുമിച്ചുനിന്നാൽ ഒരുനാടിന് ആവശ്യമുള്ളതെന്തും ഉത്പാദിപ്പിക്കുവാൻ കഴിയുമെന്ന് തൃക്കയിലെ വിജയകൃഷി നമുക്ക് കാട്ടിത്തരുന്നു. കാലങ്ങളായിതുടരുന്ന തൃക്കയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കാൻ മുൻകൈയെടുക്കുമെന്ന് ബാബുപോളും നഗരസഭ ചെയർമാൻ പി പി എൽദോസും തൃക്കയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകി. ഇതിനുള്ള പദ്ധതികൾ തയ്യാറാക്കി നൽകുമെന്ന് തൃക്ക പാടശേഖരസമിതി ഭാരവാഹികൾ പറഞ്ഞു.