കൊച്ചി: കൊച്ചിയെ അതീവ സുരക്ഷാ നഗരമാക്കി മാറ്റാൻ ഒരുങ്ങി സിറ്റി പൊലീസ്. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡുമായി (സി.എസ്.എം.എൽ) സഹകരിച്ച് 42.61 കോടി രൂപയുടെ പദ്ധതിയുടെ പണിപ്പുരയിലാണ് പൊലീസ്. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ കുറ്റകൃത്യങ്ങൾ, റോഡ് അപകടങ്ങൾ, ട്രാഫിക് നിയമലംഘനങ്ങൾ, മാലിന്യം വലിച്ചെറിയൽ തുടങ്ങിയവ ഉടൻ തിരിച്ചറിഞ്ഞ്, കുറ്റവാളികൾ, വാഹനങ്ങൾ എന്നിവ കൃത്യമായി വളരെ വേഗത്തിൽ കണ്ടെത്തുന്ന ഇന്റലിജന്റ് സിറ്റി സർവെയ്‌ലൻസ് സിസ്റ്റമാണ് (ഐ.സി.എസ്.എസ്) നടപ്പാക്കുന്നത്. പ്രാഥമിക നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് കമാൻഡ് കൺട്രോൾ ആൻഡ് കമ്യൂണിക്കേഷൻ സെന്ററുമായി (ഐ.സി.സി.സി.സി) പദ്ധതിയെ ബന്ധിപ്പിക്കും. പൊലീസുമായി ബന്ധപ്പെട്ട പദ്ധതിയായതിനാൽ കൺട്രോൾ റൂം ഇതായിരിക്കില്ലെന്നാണ് വിവരം. അത്യാധുനിക കൺട്രോൾ റൂം സ്ഥാപിക്കുന്നതടക്കം ഉടൻ തീരുമാനമുണ്ടായേക്കും. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശ്യം.
400ലധികം കാമറ
വെളിച്ചമില്ലാത്ത വിജനമായ ഇടം. മെട്രോ സിറ്റിയാണെങ്കിലും കൊച്ചിയിൽ ഇത്തരം സ്ഥലങ്ങൾ ധാരാളമാണ്. പതിവായി പിടിച്ചുപറി നടക്കുന്നതും ഇവിടങ്ങളിൽ തന്നെ. പദ്ധതി നടപ്പിലായാൽ കവർച്ചക്കാർ വൈകാതെ ഇരുമ്പഴിയെണ്ണും. കാരണം 400ലധികം കാമറകളാണ് സ്ഥാപിക്കാനൊരുങ്ങുന്നത്. തീർന്നില്ല, മുഖം തിരിച്ചറിഞ്ഞ് മോഷ്ടാവ് ആരാണെന്നും ഇയാൾ എവിടേക്ക് ഓടിമറഞ്ഞെന്നും പൊലീസിന് കൈമാറും. ഈ വിധമായിരിക്കും ഐ.സി.എസ്.എസ് പ്രവൃത്തിക്കുക. മാലിന്യം നിക്ഷേപിച്ച് നൈസായി മുങ്ങിയാലും പിടിവീഴും. ദുരന്തമുണ്ടായാൽ പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിക്കാനും ആംബുലൻസുകൾക്കും ആശുപത്രികൾക്കും മുന്നറിയിപ്പ് നൽകാനും ഐ.സി.എസ്.എസ് സദാ സജ്ജമായിരിക്കും. 24മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. പൊലീസ് നൽകുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് അനുസരിച്ചായിരിക്കും കാമറകൾ സ്ഥാപിക്കുക.
കാൾ ബോക്സ്
അത്യാഹിതമോ, രഹസ്യവിവരമോ പൊലീസിനെ അറിയിക്കാൻ 50 എമർജൻസി കാൾ ബോക്സുകൾ പദ്ധതിയുടെ ഭാഗമായി കൊച്ചിയിൽ സ്ഥാപിക്കും. ഇത് എവിടെയെല്ലാം സ്ഥാപിക്കണമെന്നതടക്കം അടുത്ത യോഗത്തിൽ തീരുമാനിച്ചേക്കും. ഇതോടൊപ്പം ഫീൽഡ് ഓഫീസർമാർക്ക് മൊബൈൽ ആപ്പും പുറത്തിറക്കും.മെട്രോ സ്‌റ്റേഷനിലെ കൺട്രോൾ റൂമിൽ 36 കംപ്യൂട്ടർ സ്‌ക്രീനുകൾ ചേരുന്ന വലിയ വീഡിയോ വാളാണുള്ളത്.ഇതിനു സമാനമായ കൺട്രോൾ റൂമായിരിക്കും ഐ.സി.എസ്.എസിന്റേത്. നഗരത്തെ നിരീക്ഷിക്കാൻ 124 ക്യാമറകളാണ് നേരത്തെ സ്ഥാപിച്ചിരുന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇവ അഴിച്ചുമാറ്റിയിരിക്കുകയാണ്. വൈകാതെ ഇവയെല്ലാം വീണ്ടും ഘടുപ്പിക്കുന്നതോടെ സുരക്ഷ ശക്തമാകും.
സി.എസ്.എം.എല്ലുമായി സഹകരിച്ചു നടത്തുന്ന പദ്ധതിയുടെ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. കൂടുതൽ കാമറകൾ വരുന്നതോടെ നിരീക്ഷണം ശക്തമാകും
സി.എച്ച്. നാഗരാജു
കമ്മിഷണർ
കൊച്ചി സിറ്രി പൊലീസ്