photo
ജില്ലയിലെ 14 വില്ലേജുകളിൽ നടപ്പാക്കുന്ന ലൈബ്രറികൾക്ക് പുസ്തക വിതരണം പദ്ധതിയുടെ ആദ്യഘട്ടം വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. നിർവഹിക്കുന്നു

വൈപ്പിൻ: എം.എസ്. സ്വാമിനാഥൻ ഗവേഷണനിലയം എച്ച്.ഡി.എഫ്.സി ബാങ്ക് പരിവർത്തന സമഗ്ര ഗ്രാമവികസന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 14 വില്ലേജുകളിൽ നടപ്പാക്കുന്ന ലൈബ്രറികൾക്ക് പുസ്തകവിതരണം പദ്ധതിയുടെ ആദ്യഘട്ടത്തിന് കുഴുപ്പിള്ളിയിൽ തുടക്കം കുറിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എളങ്കുന്നപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക കെ.എഫ്. ലിനി പുസ്തകം ഏറ്റുവാങ്ങി.
എളങ്കുന്നപ്പുഴക്ക് പുറമെ ഞാറക്കൽ, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളിലെ തിരഞ്ഞെടുക്കപ്പെട്ട 12 ലൈബ്രറികൾക്ക് പുസ്തകങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമ പരിസ്ഥിതി പ്രവർത്തക എം. സുചിത്ര മുഖ്യപ്രഭാഷണം നടത്തി. ഡോ. സൗമി മേരി രചിച്ച വൈഡ് സർഗാസൊ സീ: റീഡിംഗ് ദി കൾച്ചറൽ റിലേഷൻസ് വിത്ത് ദി ഓർക്കിഡ് ഹൗസ്' എന്ന പുസ്തകം എം.എൽ.എയ്ക്ക് നൽകി സുചിത്ര പ്രകാശനംചെയ്തു.
എം.എസ്. സ്വാമിനാഥൻ ഗവേഷണനിലയം സംസ്ഥാന കോ ഓർഡിനേറ്റർ പ്രജീഷ് പരമേശ്വരൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, വികസന സ്ഥിരംസമിതി അദ്ധ്യക്ഷ സുബോധ ഷാജി, പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, എടവനക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ഇഖ്ബാൽ, നായരമ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വർഗീസ്, എം.എസ്.എസ്.ആർ.എഫ്. കോ ഓർഡിനേറ്റർ എം.പി. ഷാജൻ, പ്രതിനിധികളായ പി.ആർ. ചൈത്ര, അഞ്ജു ബിജു, മേരി സുമി, അജിൻ വിൻസെന്റ് തുടങ്ങിയവർ സന്നിഹിതരായി.