ആലുവ: അഞ്ചര വർഷത്തെ ഇടവേളക്ക് ശേഷം തോട്ടക്കാട്ടുകര - കിഴക്കേ കടുങ്ങല്ലൂർ റോഡ് വികസനത്തിന് വീണ്ടും സർക്കാരിന്റെ പച്ചക്കൊടി. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് റോഡ് വികസനത്തിന് നടപടികൾ പൂർത്തിയാക്കിയെങ്കിലും അവസാനനിമിഷം ഭൂവുടമകളിൽ ചിലർ എതിർത്തതിനാൽ മുടങ്ങുകയായിരുന്നു. കഴിഞ്ഞ അഞ്ചുവർഷം തുടർനടപടികളും ഉണ്ടായില്ല.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് അൻവർ സാദത്ത് എം.എൽ.എ നിവേദനം നൽകിയതിനെത്തുടർന്ന് ഇന്നലെ മന്ത്രി പി. രാജീവിന്റെ സാന്നിദ്ധ്യത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നാണ് റോഡ് വികസനപദ്ധതിക്ക് പുതുജീവനേകിയത്. നിലവിലുള്ള ഏഴ് മീറ്റർ റോഡിന്റെ വീതി 12 മീറ്ററാക്കി വികസിപ്പിക്കും. 15 മീറ്റർ ആക്കണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യം വ്യാപാരികളുടെയും പ്രദേശവാസികളുടെയും പൊതുവികാരം പരിഗണിച്ച് 12 ആക്കി ചുരുക്കുകയായിരുന്നു.
റോഡിന് ഏഴുമീറ്റർ ടാറിംഗ് വീതിയുണ്ടാകും. രണ്ട് വശങ്ങളിലും ഒന്നര മീറ്റർ നടപ്പാതയും അതിനോടൊപ്പം വെള്ളം ഒഴുക്കുന്നതിനുള്ള കാനകളും ഒരുക്കും. റോഡിന്റെ അലൈൻമെന്റ് പ്രൊപ്പോസൽ നവംബർ ആദ്യവാരം ചീഫ് എൻജിനീയർക്കു സമർപ്പിക്കും.
192 സെന്റ് ഭൂമി
ആകെ 192 സെന്റ് ഭൂമിയാണ് റോഡ് വീതി കൂട്ടുന്നതിനായി ഏറ്റെടുക്കേണ്ടത്. ആലുവ നഗരസഭയിലും കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് അതിർത്തിയിലുമായുള്ള രണ്ട് കിലോമീറ്റർ റോഡാണ് വീതികൂട്ടുന്നത്.
അൻവർ സാദത്ത് എം.എൽ.എ, ആലുവ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, പി.ഡബ്ള ്യു.ഡി എക്സിക്യുട്ടീവ് എൻജിനീയർ സി.എം. സ്വപ്ന, എ.എക്സി മുഹമ്മദ് ബഷീർ, ആർ. രാജലക്ഷ്മി, കെ.വി. രവീന്ദ്രനാഥ്, യേശുദാസ് പറപ്പിള്ളി, ആർ. രാമചന്ദ്രൻ, ശ്രീലത വിനോദ്കുമാർ, ടിന്റു രാജേഷ്, ആർ. ശ്രീരാജ്, കെ.വി. സരോജം, ആർ. മീര എന്നിവർ യോഗത്തിൽ പങ്കെടുത്തു.
തുടരുന്ന ദുരിതയാത്ര
വർഷങ്ങളായി വികസനം മുടങ്ങിയ തോട്ടക്കാട്ടുകര - കടുങ്ങല്ലൂർ റോഡിൽ യാത്രക്കാരുടെ ദുരിതയാത്രക്ക് അവസാനമില്ല. ഇടുങ്ങിയ റോഡിൽ മണിക്കൂറുകളോളം കുടുങ്ങുന്ന അവസ്ഥയാണ്. ദുരിതയാത്ര അവസാനിപ്പിക്കാൻ അധികൃതർ നടപടിയെടുത്തെങ്കിലും റോഡിന് ഇരുവശവും താമസിക്കുന്നവരിൽ ചിലർ എതിർത്തതോടെ നിശ്ചലമായി.
ഉദ്യോഗസ്ഥരെ പഴിചാരാനാണ് മറ്റൊരു വിഭാഗം തയ്യാറായത്. പരസ്പരം ആരോപണം ഉന്നയിച്ച് യഥാർത്ഥത്തിൽ വികസനം മുടക്കി. വാഹനങ്ങളുടെ എണ്ണം കൂടിയതോടെ കുരുക്കിന്റെ ദൈർഘ്യവും വർദ്ധിച്ചു. എടയാർ വ്യവസായ മേഖലയിലേക്ക് എളുപ്പത്തിൽ എത്തുന്നതിനുള്ള മാർഗമാണിത്.11.25 മീറ്ററിൽ നിർമാണം നടത്താമെന്ന് മൂന്നുവർഷം മുമ്പ് ധാരണയായതാണ്.