പെരുമ്പാവൂർ: നഗരസഭാ പരിധിയിൽ വരുന്ന സൗത്ത് വല്ലം, റയോൺപുരം മേഖലകളിൽ ബസ് സർവീസുകൾ ഇല്ലാത്തതിനാൽ യാത്രാക്ലേശം രൂക്ഷമായി. ഈ പ്രദേശങ്ങളിലൂടെ പുതിയ ബസ് സർവീസ് ആരംഭിക്കണമെന്നാണ് ആവശ്യം. 2010 ൽ ചേലാമറ്റം ക്ഷേത്രവുമായി ബന്ധപ്പെടുത്തി ഒരു മിനി കെ.എസ്.ആർ.ടി.സി. ബസ് സർവീസ് നടത്തിയിരുന്നു. രണ്ട് ട്രിപ്പുകൾ മാത്രം സർവീസ് നടത്തിയിരുന്നതിനാൽ നഷ്ടത്തിന്റെ കണക്കുകൾ നിരത്തി സർവീസ് നിർത്തലാക്കി. റയോൺസ് കമ്പനിയുടെ പ്രവർത്തനകാലങ്ങളിൽ കെ.എസ്. ആർ.ടി.സി ഉൾപ്പെടെയുള്ള ധാരാളം സർവീസുകൾ പെരുമ്പാവൂർ, കടുവാൾ, കാഞ്ഞിരക്കാട്, ഓൾഡ് വല്ലം റോഡ്, വല്ലം കവല വഴികളിലൂടെ റയോൺപുരം പ്രദേശത്തേക്ക് ഉണ്ടായിരുന്നു.
പെരുമ്പാവൂർ - ആലുവ നിയമസഭാ മണ്ഡലങ്ങളെ ബന്ധപ്പെടുത്തി പെരിയാറിന് കുറുകെ പാലംപണി പൂർത്തിയായി വരുന്നു. പാലത്തിന്റെ പണി പൂർത്തിയായാൽ കാലടിപ്പാലം കയറാതെ വാഹനങ്ങൾക്ക് പുതിയ വല്ലംകടവ് - പാറപ്പുറം പാലംവഴി കാലടി, അങ്കമാലി, നെടുമ്പാശേരി ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. നഗരസഭാ 1, 24, 26, 27 വാർഡുകളിലൂടെ കടന്ന് ചേലാമറ്റം ക്ഷേത്രത്തിന് മുന്നിലൂടെ പോകുന്ന സ്ഥിരംബസ് സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകൻ എം.ബി. ഹംസ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.