കാലടി: സാമൂഹികനീതിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ബദൽ വൈജ്ഞാനിക സമൂഹമാക്കി കേരളത്തെ മാറ്റാൻ കഴിയുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഏറ്റവും മികച്ച രീതിയിൽ നിർമ്മിച്ച ഓപ്പൺഎയർ ഓഡിറ്റോറിയം, റെക്കാഡിംഗ് സ്റ്റുഡിയോ, ബിസിനസ് ഇൻക്യുബേഷൻ സെന്റർ, കനകധാര മ്യൂസിയം എന്നിവ നിർമിച്ച സർവകലാശാല നേതൃത്വത്തെ മന്ത്രി അഭിനന്ദിച്ചു.
എം.എ. മ്യൂസിയോളജി കോഴ്‌സ് മന്ത്രി ഉദ്ഘാടനം ചെയ്തു. സമ്പൂർണ ഡിജിറ്റൽ അദ്ധ്യയനത്തിലേക്ക് മാറിയ സർവകലാശാലയാണ് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയെന്ന പ്രഖ്യാപനവും മന്ത്രി നടത്തി. സർവകലാശാല ജീവനക്കാരുടെ സംഭാവനയായ 11,66,874 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് മന്ത്രിക്ക് കൈമാറി. മ്യൂസിയം രൂപകല്പനചെയ്തവരെ മന്ത്രി ആദരിച്ചു. ഡോ. ധർമ്മരാജ് അടാട്ട് അദ്ധ്യക്ഷത വഹിച്ചു.
പ്രോവൈസ് ചാൻസലർ ഡോ.കെ. എസ്. രവികുമാർ . സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. ഡി. സലിംകുമാർ, പ്രൊഫ. എസ്. മോഹൻദാസ്, രജിസ്ട്രാർ ഡോ.എം.ബി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.സിൻഡിക്കേറ്റംഗം ഡോ.പി.ശിവദാസൻ റിപ്പോർട്ട് അവതരിപ്പിച്ചു.