കൊച്ചി: പൊക്കാളി പാടശേഖരങ്ങളിൽ നടക്കുന്ന മത്സ്യക്കൃഷിയുടെ കാലാവധി കൊവിഡിന്റെ പേരിൽ ദീർഘിപ്പിച്ച് നൽകരുതെന്ന് കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. മാർച്ച് 31ന് മത്സ്യക്കൃഷി അവസാനിപ്പിച്ച് ഏപ്രിൽ 14ന് നെൽക്കൃഷിക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കാനുള്ള സൗകര്യം നൽകുകയാണ് സാധാരണ ചെയ്യാറുള്ളത്. കഴിഞ്ഞതവണ ലോക്ക് ഡൗണിൽ സമയം നീട്ടിനൽകിയിരുന്നു. മത്സ്യക്കൃഷി സമയത്ത് അവസാനിപ്പിച്ച് സമയബന്ധിതമായി നെൽക്കൃഷി നടത്തുന്നതാണ് പൊക്കാളിക്കൃഷിയുടെ പ്രത്യേകത. നെല്ലിന്റെയും മത്സ്യത്തിന്റെയും ഗുണമേന്മ ഉറപ്പുവരുത്താൻ ഇതാവശ്യമാണ്. പൊക്കാളിക്കൃഷിനിലങ്ങൾ റിയൽ എസ്റ്റേറ്റ് താത്പര്യത്തോടെ വാങ്ങിക്കൂട്ടിയ ഒരുപറ്റം സ്ഥാപിത താത്പര്യക്കാർ നെൽക്കൃഷി നടത്താതെ വർഷംമുഴുവൻ മത്സ്യക്കെട്ട് നടത്താൻ ശ്രമിക്കുകയാണ്. ഇത് പൊക്കാളി പാടശേഖരങ്ങളുടെ നിലനില്പും പ്രദേശത്തെ ആവാസ വ്യവസ്ഥയും തകർക്കും. ഇത് അംഗീകരിക്കാനാവില്ല. പൊക്കാളിനില വികസന ഏജൻസിയുടെ അദ്ധ്യക്ഷൻ കൂടിയായ ജില്ലാ കളക്ടർ ഇക്കാര്യത്തിൽ കർശന നിലപാട് സ്വീകരിക്കണമെന്നും മത്സ്യവകുപ്പ് അധികൃതരെ ബന്ധപ്പെട്ടവർ കബളിപ്പിക്കാതിരിക്കാനുള്ള ജാഗ്രത സ്വീകരിക്കണമെന്നും കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സോമ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.ബി .ദേവദർശനൻ റിപ്പോർട്ട് അവതരിപ്പിച്ചു.