മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 30 ലക്ഷം രൂപയുടെ കൃഷിനാശം. പായിപ്ര, വാളകം, മാറാടി, ആരക്കുഴ, ആവോലി, ആയവന പഞ്ചായത്തുകളിലാണ് കൃഷിനാശം ഏറെയും. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കെടുപ്പ് പ്രകാരം 20 ലക്ഷം രൂപയുടെ നെൽക്കൃഷിയും 10 ലക്ഷം രൂപയുടെ വാഴ, കപ്പ, വിവിധയിനം പച്ചക്കറി കൃഷിയും നശിച്ചു. ഇതിന് പുറമെ ജാതി, തെങ്ങ്, റബർ കൃഷിയടക്കം വെള്ളം കയറിയിട്ടുണ്ട്. ഇവയുടെയെല്ലാം നാശനഷ്ടങ്ങൾ വിലയിരുത്തിവരുന്നതെയുള്ളുവെന്നും കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ നാശനഷ്ടം ഇനിയും കൂടുമെന്നും മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ് പറഞ്ഞു.

മുണ്ടകൻ നെൽക്കൃഷി മുടങ്ങിയേക്കും
മുണ്ടകൻ നെൽക്കൃഷി ഇത്തവണ മുടങ്ങിയേക്കും. കാലാവസ്ഥാ വ്യതിയാനംമൂലം ഉണ്ടായ മഴയെത്തുടർന്ന് ഇത്തവണ നെൽക്കൃഷി ചെയ്യുക ബുദ്ധിമുട്ടാണെന്നാണ് നെൽകർഷകർ പറയുന്നത്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽമാത്രം കഴിഞ്ഞതവണ 240 ഹെക്ടർ സ്ഥലത്ത് നെൽക്കൃഷിയിറക്കിയിരുന്നു. 163 ഹെക്ടർ സ്ഥലത്ത് നെൽക്കൃഷിക്കായി പ്രാഥമിക ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിത മഴമൂലം പാടശേഖരങ്ങൾ നിറഞ്ഞതിനാൽ വിത്ത് ഇറക്കലോഞാറുനടുകയോ എളുപ്പമല്ലാതായി. തുലാവർഷമഴകൂടി കനത്താൽ സ്ഥിതി കൂടുതൽ വഷളാകുമെന്നതിനാൽ കർഷകർ നെൽക്കൃഷി ഇറക്കാൻ ആശങ്കപ്പെടുകയാണ്.

കഴിഞ്ഞ രണ്ട് വർഷമായി തരിശുരഹിത മൂവാറ്റുപുഴ കാമ്പയിനിന്റെ ഭാഗമായി പാടശേഖരങ്ങളിൽ 90 ശതമാനവും കതിരണിഞ്ഞിരുന്നു. 25 വർഷമായി തരിശായിക്കിടന്ന മൂടവൂർ പാടശേഖരം ഉൾപ്പെടെ കൃഷി ചെയ്തത് മൂവാറ്റുപുഴയിൽ വലിയമാറ്റത്തിന് വഴിയൊരുക്കിയിരുന്നു. ജില്ലയുടെ കിഴക്കൻ മേഖല നെല്ല് ഉത്പാദനത്തിൽ നൽകിയിരുന്ന സംഭാവന ചെറുതല്ല.

ആവോലി പാടശേഖത്തിൽ വിളവെടുക്കാറായ അഞ്ചേക്കർ നെല്ല് വെള്ളത്തിൽ മുങ്ങിനശിച്ചു. ആയവന കാവക്കാട് കർഷകർ ഒരുക്കിയ നാലേക്കർ പാടശേഖരത്തിലെ വിത്ത് വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി. കാർഷിക മേഖലയിലെ കർഷകരുടെ ദുരിതം തിരിച്ചറിഞ്ഞ് കർഷകരെ സഹായിക്കാൻ പ്രത്യേക പാക്കേജ് തയാറാക്കണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിനോട് ആവശ്യപ്പെട്ടു.