കൊച്ചി: പൊതുമരാമത്ത് റോഡിൽ ടാറിന് പകരം ഇന്റലോക്ക് കട്ടകൾ നിരത്തിയതുമൂലമുണ്ടായ ഉയരവത്യാസം അപകടങ്ങൾക്ക് കാരണമാകുമെന്ന പരാതിയിൽ പൊതുമരാമത്ത് വകുപ്പിന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നോട്ടീസ്. പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എൻജിനീയർ വിഷയം പരിശോധിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ടാറിനെക്കാൾ ഉയരത്തിൽ പാകിയ ഇന്റ‌ർലോക്ക് കാണുമ്പോൾ ഡ്രൈവർമാർ പൊടുന്നനെ ബ്രേക്കിടുന്നത് അപകടത്തിന് കാരണമാകുന്നതായി പരാതിക്കാരനായ അഡ്വ. സ്വാമിദാസ് കണിയാമ്പറമ്പിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. ഇഷ്ടിക നിരത്തിയ ഭാഗവും ടാറിട്ട ഭാഗവും ഒരേ നിരപ്പിലാക്കണമെന്നതാണ് ആവശ്യം.