കൊച്ചി: കൊച്ചി കോർപ്പറേഷനിൽ ഇന്നലെ അവതരിപ്പിച്ച ആദ്യ അവിശ്വാസപ്രമേയത്തിൽ എൽ.ഡി.എഫിന് ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി നഷ്‌ടമായി. നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എൽ.ഡി.എഫ് അംഗത്തിന്റെ പിന്തുണയോടെ പാസായി. കൗൺസിൽ ഹാളിൽ കളക്ടർ ജാഫർ മാലിക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവിശ്വാസപ്രമേയ ചർച്ചയിൽ സി.പി.എം വിട്ട് യു.ഡി.എഫിലേക്ക് വന്ന ആറാം ഡിവിഷൻ കൗൺസിലർ എം.എച്ച്.എം അഷ്റഫ് ഉൾപ്പെടെയുള്ളവരുടെ അഞ്ച് വോട്ടിനാണ് ചർച്ചയില്ലാതെ പാസായത്. നിലവിലെ ചെയർമാൻ ജെ.സനൽമോനെതിരെ അഞ്ച് അംഗങ്ങളാണ് അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടത്. എൽ.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നു. നഗരാസൂത്രണ കമ്മിറ്റി അംഗങ്ങളായ എ.ആർ.പത്മദാസ്, എം എച്ച് എം അഷറഫ്, മിനി ദിലീപ്, സുജലോനപ്പൻ, സക്കീർ തമ്മനം എന്നീ കൗൺസിലർമാരാണ് അനുകൂലമായി വോട്ട് ചെയ്തത്. അടുത്ത ദിവസം കളക്ടർ നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ തിരഞ്ഞെടുക്കുന്നതിനുള്ള തീയതി പ്രഖ്യാപിക്കും.സി.പി.എം പാർട്ടിചിഹ്നത്തിൽ മത്സരിച്ച എം.എച്ച്.എം അഷ്റഫ് കഴിഞ്ഞ മാസമാണ് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്. എൽ.ഡി.എഫിന് അഞ്ചും യു.ഡി.എഫിന് നാലും അംഗങ്ങളാണുണ്ടായിരുന്നത്. അഷ്റഫ് എൽ.ഡി.എഫ് വിട്ടതോടെ നഗരാസൂത്രണ സമിതിക്ക് ഭൂരിപക്ഷം നഷ്ടമാകുകയായിരുന്നു