കിഴക്കമ്പലം: ദാരിദ്റ്യവും രോഗവും തളർത്തിയ നിർദ്ധന ദമ്പതികൾക്കാശ്രയമായി പി.വി. ശ്രീനിജിൻ എം.എൽ.എ എത്തി. അഞ്ച് വർഷമായി കിഴക്കമ്പലത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ താമരക്കുളം സ്വദേശികളായ ജയപ്രകാശിനേയും ഭാര്യയേയുമാണ് എം.എൽ.എയും സി.പി.എം പ്രവർത്തകരും ചേർന്ന് ഗാന്ധിഭവനിലേക്ക് മാറ്റിയത്. നാടകസിനിമാ നടനായിരുന്ന ഇദ്ദേഹവും ഭാര്യയും 15 വർഷം മുമ്പാണ് കുന്നത്തുനാട്ടിലെത്തിയത്. പത്തുവർഷത്തോളം കരിമുഗളിൽ വാടകയ്ക്ക് താമസിച്ച ശേഷമാണ് കിഴക്കമ്പലത്തെ വാടകവീട്ടിലേക്ക് മാറിയത്. ഇതിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവർക്കും അതിൽനിന്ന് മോചനം ലഭിച്ചിട്ടില്ല. ഇതിനിടെ സോറിയാസിസും വൃക്കരോഗവും ഗുരുതരമായതോടെ പ്രാഥമിക കൃത്യങ്ങൾക്കുപോലും കഴിയാതെ ജയപ്രകാശ് പൂർണമായും കിടപ്പിലായി. ഇതോടെ ജീവിതം വഴിമുട്ടിയ ഇവർ സഹായത്തിനായി പലരേയും സമീപിച്ചെങ്കിലും ഫലംകണ്ടില്ല. തുടർന്ന് ഏകപ്രതീക്ഷയന്ന നിലയിൽ എം.എൽ.എയുമായി ബന്ധപ്പെടുകയായിരുന്നു. ദുരവസ്ഥ നേരിട്ട് മനസിലാക്കിയ എം.എൽ.എ പത്തനാപുരം ഗാന്ധിഭവനുമായി ബന്ധപ്പെട്ട് താമസസൗകര്യമൊരുക്കി. തുടർന്ന് ഇവരെ സി.പി.എം പ്രവർത്തകരായ പി.ജെ. വർഗീസ്, ബിജു മാത്യു, കെ.വി. ആന്റണി, ടിൻജോ ജേക്കബ്, അഡ്വ.കെ.വി. സുരേഷ്‌കുമാർ എന്നിവരും ചേർന്ന് ഗാന്ധിഭവനിലേക്ക് മാറ്റി.