നെടുമ്പാശേരി: മഹാപ്രളയം രൂക്ഷമായി ബാധിച്ച കുന്നുകര ഗ്രാമപഞ്ചായത്ത് വീണ്ടുമൊരു പ്രളയം വന്നാൽ നേരിടാൻ സുസജ്ജമായി. പെരിയാറും ചാലക്കുടിയാറും കടന്നുപോകുന്ന കുന്നുകര പഞ്ചായത്തിൽ പ്രളയസാദ്ധ്യത കണക്കിലെടുത്ത് മുൻകരുതൽ ശക്തമാക്കിയത്. അഞ്ച് ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജമാക്കി. കൊവിഡ് പോസിറ്റീവായ രോഗികളെയും ക്വാറന്റൈനിൽ കഴിയേണ്ടവരെയും താമസിപ്പിക്കാൻ കുറ്റിപ്പുഴ ജെ.ബി.എസ് സ്‌കൂളിൽ പ്രത്യേക സജ്ജീകരണങ്ങളുണ്ട്.
വയൽകര, ചാലാക്കൽ, കുത്തിയതോട് മേഖലകളിലാണ് ആദ്യഘട്ടത്തിൽ വെള്ളംകയറാൻ സാദ്ധ്യതയുള്ളത്. എഞ്ചിൻ ഘടിപ്പിച്ച സ്പീഡ് ബോട്ട് തയ്യാറാക്കിയിട്ടുണ്ട്. കളത്തിക്കടവിലാണ് സ്പീഡ് ബോട്ട് ഇറക്കിയിരിക്കുന്നത്. വെള്ളം കയറാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, വൈസ് പ്രസിഡന്റ് എം.എ അബ്ദുൾ ജബ്ബാർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.